ഭാരത് ഫോർകാസ്‌റ്റിംഗ് സിസ്‌റ്റം അവതരിപ്പിച്ച് ഇന്ത്യ

Thursday 29 May 2025 12:58 AM IST

ന്യൂഡൽഹി: ലോകത്ത് തദ്ദേശീയമായി നിർമ്മിച്ച ആദ്യ അൾട്രാ - ഹൈ റെസലൂഷൻ കാലാവസ്ഥാ മോഡലായ 'ഭാരത് ഫോർകാസ്റ്റിംഗ് സിസ്റ്റം (ബി.എഫ്.എസ്)" പുറത്തിറക്കി ഇന്ത്യ. 6 കിലോമീറ്റർ റെസലൂഷനോടെയുള്ള ബി.എഫ്.എസിന് യു.എസ്, യു.കെ, യൂറോപ്യൻ യൂണിയൻ എന്നിവയുടെ കാലാവസ്ഥാ പ്രവചന സംവിധാനങ്ങളേക്കാൾ സൂക്ഷ്മതയുണ്ട്.

ആർക സൂപ്പർ കമ്പ്യൂട്ടറും 40 ഡോപ്ളർ വെതർ റഡാറുകളിലെ ഡേറ്റയും ഉപയോഗിച്ചാണ് ബി.എഫ്.എസിന്റെ പ്രവർത്തനം. പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ട്രോപിക്കൽ മീറ്റിയറോളജി (ഐ.ഐ.ടി.എം)​ വികസിപ്പിച്ച ബി.എഫ്.എസ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന് 64 ശതമാനം കൂടുതൽ കൃത്യമായ പ്രവചനങ്ങൾ നൽകാനും, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ഉഷ്ണതരംഗങ്ങൾ തുടങ്ങിയ തീവ്ര കാലാവസ്ഥാ സംഭവങ്ങളെ 30 ശതമാനം കൃത്യതയോടെ തിരിച്ചറിയാനും സഹായിക്കും.