മനുഷ്യ അസ്ഥിയിൽ നിന്ന് ലഹരിമരുന്ന്, ബ്രിട്ടീഷ് യുവതി പിടിയിൽ
കൊളംബോ: മനുഷ്യ അസ്ഥികൾ ഉപയോഗിച്ചുണ്ടാക്കിയ മാരക സിന്തറ്റിക് ലഹരി കടത്താൻ ശ്രമിച്ച ബ്രിട്ടീഷ് യുവതി ശ്രീലങ്കയിൽ പിടിയിൽ. മുൻ വിമാന ജീവനക്കാരിയായ ഷാർലറ്റ് മേ ലീയാണ് (21) 'കുഷ് "എന്നറിയപ്പെടുന്ന ലഹരിമരുന്നുമായി ഈ മാസം ആദ്യം കൊളംബോ വിമാനത്താവളത്തിൽ അറസ്റ്റിലായത്.
45 കിലോയോളം ലഹരിമരുന്ന് സ്യൂട്ട്‌കേസുകളിൽ നിറച്ചാണ് യുവതി എത്തിയത്. കുറ്റക്കാരിയെന്ന് കണ്ടെത്തിയാൽ 25 വർഷംവരെ തടവ് ശിക്ഷ ലഭിച്ചേക്കാമെന്നാണ് റിപ്പോർട്ട്. അതേ സമയം, താൻ അറിയാതെ തന്റെ പെട്ടികളിൽ മയക്കുമരുന്ന് ഒളിപ്പിച്ചതെന്നാണ് വടക്കൻ കൊളംബോയിലെ ജയിലിൽ കഴിയുന്ന യുവതിയുടെ അവകാശവാദം.
തായ്‌ലൻഡിൽ ജോലി ചെയ്തിരുന്ന യുവതി വിസ പുതുക്കാനാണ് ശ്രീലങ്കയിലെത്തിയത്. കൊളംബോ വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ടയാണിത്.
# കുഷ് - അതിമാരകം
ഉത്ഭവം ഏഴ് വർഷം മുമ്പ് പടിഞ്ഞാറൻ ആഫ്രിക്കയിൽ
പ്രധാന ചേരുവ മനുഷ്യന്റെ അസ്ഥി പൊടിച്ചതും മറ്റ് പലതരം വിഷ വസ്തുക്കളും
സിയെറ ലിയോണിൽ മാത്രം ആഴ്ചയിൽ ഒരു ഡസനോളം ആളുകളെ ഇല്ലാതാക്കുന്നു
നിർമ്മാണത്തിനായി ശ്മശാനങ്ങളിൽ നിന്ന് അസ്ഥികൂടങ്ങൾ വ്യാപകമായി മോഷ്ടിക്കപ്പെടുന്നെന്ന് റിപ്പോർട്ട്
ഏകദേശം 28 കോടി രൂപ വിപണി വില