ലോകത്തിലെ ഏറ്റവും വിലയേറിയ പദാർത്ഥം, അംബാനിയും അദാനിയും ഒന്നിച്ചാൽപ്പോലും ഒരുഗ്രാം വാങ്ങാനാവില്ല
നമ്മെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ ഏറ്റവും വിലയേറിയ വസ്തു സ്വർണവും വജ്രവും പ്ലാറ്റിനവുമൊക്കെയാണ്. എന്നാൽ നിങ്ങൾക്ക് സങ്കൽപ്പിക്കാൻപോലുമാകാത്ത വിലയുള്ള പദാർത്ഥങ്ങൾ ലോകത്തിലുണ്ട്. നിലവിൽ ലോകത്തെ ഏറ്റവും വിലയേറിയ പദാർത്ഥമാണ് ആന്റിമാറ്റർ. ഒരു ഗ്രാം ആന്റിമാറ്ററിന്റെ വില 62.5 ട്രില്യൺ ഡോളറാണ് (ഏകദേശം 5,000 ബില്യൺ ഇന്ത്യൻ രൂപ). ഇന്ത്യയിലെ വമ്പൻ പണക്കാരായ മുകേഷ് അംബാനിയും ഗൗതം അദാനിയും ഒന്നിച്ചാൽപ്പോലും ഒരുഗ്രാം ആന്റിമാറ്റർ പോലും വാങ്ങാനാവില്ലെന്ന് സാരം.
പച്ചമലയാളത്തിൽ പ്രതിദ്രവ്യം എന്ന് ആന്റിമാറ്ററിനെ വിളിക്കാം.സാധാരണ തന്മാത്രകള്‍ക്ക് പോസിറ്റീവ് ചാര്‍ജുള്ള ന്യൂക്ലിയസുകളും നെഗറ്റീവ് ചാര്‍ജുള്ള ഇലക്ട്രോണുകളും ആണുള്ളത്. എന്നാല്‍ ആന്റിമാറ്റര്‍ തന്മാത്രകള്‍ക്ക് നെഗറ്റീവ് ചാര്‍ജുള്ള ന്യൂക്ലിയസുകളും പോസിറ്റീവ് ചാര്‍ജുള്ള ഇലക്ട്രോണുകളും ആണ്.
ദ്രവ്യത്തിന്റെ (മാറ്റർ) എതിർ പദാർത്ഥമായി കാണുന്ന വസ്തുവാണ് പ്രതിദ്രവ്യം. മാറ്ററിൽ എപ്രകാരമാണോ കണികകൾ (ആറ്റം) അടങ്ങിയിരിക്കുന്നത് അപ്രകാരം ആന്റിമാറ്ററിൽ വിപരീതകണികകൾ അടങ്ങിയിരിക്കുന്നു. ഇലക്ട്രോണും പ്രോട്ടോണും ചേർന്ന് സാധാരണ ഹൈഡ്രജൻ കണിക ഉണ്ടാകും. എന്നാൽ ആന്റി ഹൈഡ്രജനിൽ നെഗറ്റീവ് പ്രോട്ടോൺ പോസിറ്റീവ് ഇലക്ട്രോൺ അഥവാ പോസിട്രോണായിരിക്കും ഭ്രമണം ചെയ്യുക.
ഭൂമിയുടെയോ അതിന്റെ അന്തരീക്ഷത്തിന്റെ അടുത്തെവിടെയും ആന്റിമാറ്റർ ഇല്ല എന്നതാണ് വസ്തുത. നിലവിൽ ഇത് ലാബിൽ മാത്രമാണ് തയ്യാറാക്കിയത് എന്നാണ് റിപ്പോർട്ട്. ലോകത്ത് ഇതുവരെ പത്ത് നാനോഗ്രാം ആന്റിമാറ്റർ മാത്രമാണത്രേ തയ്യാറാക്കാൻ കഴിഞ്ഞിട്ടുള്ളത്. ഭാരിച്ച ചെലവാണ് കൂടുതൽ തയ്യാറാക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. മാത്രമല്ല ഏറെ സമയവും വേണ്ടിവരും. ബഹിരാകാശ വാഹനങ്ങളിലും വിമാനങ്ങളിലും ഉപയോഗിക്കുന്ന ഒരുതരം ഇന്ധനമാണിത്. ആണവായുധങ്ങൾ നിർമ്മിക്കാനും ആന്റിമാറ്റർ ഉപയോഗിക്കുന്നു.
സാധാരണ ദ്രവ്യവുമായി സമ്പർക്കം ഉണ്ടായാൽ ആന്റിമാറ്റർ പൊട്ടിത്തെറിക്കും. ഇത്രയും മൂല്യമേറിയതും പ്രശ്നക്കാരനുമായ ആന്റിമാറ്ററിനായി ആദ്യത്തെ സുരക്ഷിത കണ്ടെയ്‌നർ നിർമ്മിച്ചിരിക്കുകയാണ് ശാസ്ത്രലോകം. യൂറോപ്യൻ ന്യൂക്ലിയസ് റിസർച്ച് ഓർഗനൈസേഷനാണ് ഇതിന് പിന്നിൽ. കേവലം രണ്ടുമീറ്റർ മാത്രമാണ് കണ്ടെയ്‌നറിനുള്ളത്. കണ്ടെയ്‌നർ നിർമ്മാണം ആന്റിമാറ്റർ പഠനത്തിന് കൂടുതൽ വേഗം കൈവരുത്തും എന്നാണ് കണക്കാക്കുന്നത്. കണ്ടെയ്‌നർ നിർമാണം വിജയിച്ചതോടെ ജനീവയിലെ ലബോറട്ടറിയിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് ആന്റിമാറ്റർ അയയ്ക്കാൻ കഴിയും. ജനീവയില്‍ നിന്ന് 800 കിലോമീറ്റര്‍ അകലെയുള്ള ജര്‍മ്മനിയിലെ ഒരു സര്‍വകലാശാലയിലേക്ക് ആന്റിമാറ്റര്‍ അയച്ചാകും ഈ പ്രവര്‍ത്തനം ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
കണ്ടെയ്‌നർ കണ്ടുപിടിത്തം ലോകത്തെ വിപ്ലവകരമായ മാറ്റങ്ങൾക്ക് ഇടയാക്കും എന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. ഏറെ അപകടകരമായ വസ്തുക്കൾ കൊണ്ടുപോകുന്നതിനുള്ള സുരക്ഷിതമാർഗം എന്നനിലയിൽ ഇത് മാറുമെന്നാണ് കരുതുന്നത്.