പ്രമുഖ തമിഴ് നടൻ രാജേഷ് അന്തരിച്ചു

Thursday 29 May 2025 12:08 PM IST

ചെന്നെെ: പ്രശസ്ത നടനും എഴുത്തുകാരനും ഡബ്ബിങ് ആർട്ടിസ്റ്റുമായ രാജേഷ് (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ആരോഗ്യനില മോശമാകുകയായിരുന്നു. കഴിഞ്ഞ അമ്പത് വർഷത്തിലേറെയായി രാജേഷ് സിനിമാരംഗത്തുണ്ട്.

150ലേറെ തമിഴ് ചിത്രങ്ങളിലും തെലുങ്ക്, മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1974ൽ പുറത്തിറങ്ങിയ 'അവൾ ഒരു തൊടർക്കഥെെ' എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 1979ൽ 'കന്നി പരുവത്തിലേ' എന്ന ചിത്രത്തിലൂടെ നായകനുമായി.

സത്യ, മഹാനദി, വിരുമാണ്ടി, ജയ്ഹിന്ദ്, ഇരുവർ, നേരുക്ക് നേർ, ദീന, സിറ്റിസെൻ, രമണ, റെഡ്, സാമി, ശിവകാശി, മഴെെ, ധർമപുരി, തിരുപ്പതി, സർക്കാർ, മാസ്റ്റർ തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ. മലയാളത്തിൽ അലകൾ, ഇതാ ഒരു പെൺകുട്ടി, അഭിമന്യൂ എന്നീ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. മലയാള നടന്മാരായ മുരളി, നെടുമുടി വേണു, ജോയ് മാത്യു എന്നിവർക്ക് തമിഴിൽ ശബ്ദം നൽകിയിരുന്നത് രാജേഷ് ആയിരുന്നു. ശ്രീറാം രാഘവൻ സംവിധാനം ചെയ്ത് 2024ൽ പുറത്തിറങ്ങിയ 'മെറി ക്രിസ്മസ്' ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. ടെലിവിഷൻ രംഗത്തും സജീവമായിരുന്നു.