'വഴക്കുപറയുമെങ്കിലും വേറെയാരും ചെയ്യാത്ത കാര്യമാണ്''; മെഗാസ്റ്റാറിനെക്കുറിച്ച് ധർമജൻ
മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചവരെല്ലാം അദ്ദേഹത്തിന്റെ സ്നേഹത്തെയും കെയറിംഗിനെക്കുറിച്ചുമൊക്കെ വാതോരാതെ സംസാരിക്കാറുണ്ട്. നടനും നിർമാതാവുമായ ധർമജൻ ബോൾഗാട്ടിയും മമ്മൂട്ടിയെക്കുറിച്ച് സമാനമായ അഭിപ്രായവുമായെത്തിയിരിക്കുകയാണ്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സിംഗപ്പൂരിൽ ഒരു പരിപാടി നടക്കുകയാണ്. പരിപാടിയിൽ കഥ പറയുമ്പോഴെന്ന ചിത്രത്തിൽ മമ്മൂക്കയുടെ ക്ലൈമാക്സിലുള്ള പ്രസംഗത്തിന്റെയൊരു സ്‌കിറ്റ് ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. രമേശ് പിഷാരടിയാണ് സ്കിറ്റ് എഴുതിയത്. മമ്മൂക്ക അവിടെയുണ്ട്. മമ്മൂക്ക ആ സ്‌കിറ്റ് ചെയ്യുമ്പോൾ ഒന്ന് സ്റ്റേജിന്റെ മുന്നിൽ വന്ന് ഇരിക്കുമോയെന്ന് ഞാൻ ചോദിച്ചു.
ഞാൻ എന്തിനാണ് ഇരിക്കുന്നത്, അതൊന്നും ശരിയാകില്ലെന്ന് മമ്മൂക്ക പറഞ്ഞു. എക്സ്പ്ലനേഡ് എന്നൊരു തീയേറ്ററിലാണ് പരിപാടി നടക്കുന്നത്. അതിന്റെ പ്രത്യേകതയെന്നു പറഞ്ഞാൽ ഏകദേശം നടുക്കിരുന്നാലാണ് കറക്ട് വ്യൂ കിട്ടുക. സാധാരണ വി ഐ പികളൊക്കെ മുന്നിലല്ലേ ഇരിക്കുന്നത്. ഇത് അങ്ങനെയല്ല. മുന്നിലേക്ക് വരണമെങ്കിൽ ആളുകളുടെ ഇടയിലൂടെ കയറിവരണം, അത് ബുദ്ധിമുട്ടാണെന്ന് മമ്മൂക്ക പറഞ്ഞു. ഞാൻ കാലുപിടിക്കുംപോലെ പറഞ്ഞിട്ടും ശരിയാകില്ലെന്ന് മമ്മൂട്ടി പറഞ്ഞു.
ഞാൻ കറക്ട് ഐറ്റത്തിന് കയറിയപ്പോൾ മമ്മൂക്ക മുന്നിൽ വന്ന് ഇരുന്നു. അതാണ് മമ്മൂക്ക. നമ്മളെ വഴക്കുപറയുമെങ്കിലും, വേറെയാരും ചെയ്യാത്തൊരു കാര്യമാണ്. എന്റെ ആ പെർഫോമൻസും പുള്ളിയുടെ ക്‌ളോസുമൊക്കെ രസമായിരുന്നു. അതൊരിക്കലും മറക്കാൻ പറ്റില്ല.'- ധർമജൻ പറഞ്ഞു.