വൈക്കം മഹാദേവ ക്ഷേത്രത്തിലെ കൂറ്റൻ ആൽമരം കടപുഴകി

Friday 30 May 2025 12:18 AM IST
വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കൂറ്റൻ ആൽമരം കടപുഴകി വീണ നിലയിൽ

വൈക്കം : ശക്തമായ കാറ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലെ കൂറ്റൻ ആൽമരം നിലംപൊത്തി. വടക്കുപടിഞ്ഞാറ് ഭാഗത്തായി നിന്നിരുന്ന ആൽമരമാണ് ഇന്നലെ രാവിലെ 7 ഓടെ കടപുഴകിയത്. നൂറ്റാണ്ടുകളുടെ പഴക്കമുളള ഈ ആൽമരത്തിന് താഴെയാണ് ഉത്സവ കാലങ്ങളിൽ എത്തുന്ന ആനകളെ തളച്ചിരുന്നത്. ആൽത്തറയും തകർന്നിട്ടുണ്ട്. രാവിലെ തിരക്ക് കുറവായതിനാൽ അപകടം ഒഴിവായി. പകൽ സമയങ്ങളിൽ ഭക്തർ ആൽത്തറയിൽ ഇരിക്കുക പതിവാണ്.

കാലവർഷം ആരംഭിച്ച ദിവസം മുതൽ വൈക്കം മേഖലയിൽ കാറ്റ് വ്യാപകനാശമാണ് വിതച്ചത്. വൈക്കം ഇലക്ട്രിക്കൽ ഡിവിഷന്റെ പരിധിയിലുളള വിവിധ പ്രദേശങ്ങളിൽ 638 മരങ്ങളാണ് കടപുഴകി വീണത്. 11 കെ.വി അടക്കമുളള വൈദ്യുതി ലൈനുകളിലേക്കും, ട്രാൻസ്‌ഫോമറുകളിലേക്കും വീണത് കാരണം വൈദ്യുതിബന്ധവും തകരാറിലായി. പോസ്റ്റുകളടക്കം നിലംപൊത്തി. വൈദ്യുതി പുന:സ്ഥാപന പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ 2പുരോഗമിക്കുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥയും അടിക്കടിയുണ്ടാകുന്ന ശക്തമായ കാറ്റും തിരിച്ചടിയാകുകയാണ്. വൈദ്യുതി വിതരണം പൂർണമായും പുന:സ്ഥാപിക്കുന്നതിന് ദിവസങ്ങൾ വേണ്ടി വരുമെന്നും, പൊതുജനങ്ങൾ പരമാവധി സഹകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ഇന്നലെ വൈക്കം കൊച്ചുപാലക്കൽ അടിച്ചത്തറ ലീല മണിയുടെ വീടിന് മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. കൊച്ചു പാലക്കൽ റോഡിന് കുറുകെയാണ് മരം നിലം പൊത്തിയത്. ഇതോടെ ഗതാഗതവും തടസപ്പെട്ടു. ഫയർഫോഴ്‌സ് എത്തി മരങ്ങൾ മുറിച്ച് മാറ്റി.