തീരപ്രദേശങ്ങളിൽ അടിഞ്ഞ പ്ലാസ്റ്റിക്ക് തരികൾ നീക്കിത്തുടങ്ങി

Friday 30 May 2025 1:14 AM IST

ചിറയിൻകീഴ്: അറബിക്കടലിൽ കപ്പൽ അപകടത്തെത്തുടർന്ന് മുതലപ്പൊഴി ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിൽ അടിഞ്ഞ പ്ലാസ്റ്റിക്ക് തരികൾ നീക്കം ചെയ്തു തുടങ്ങി. അപകടത്തിൽപ്പെട്ട് മുങ്ങിയ ചരക്കുകപ്പലായ എം.എസ്.ഇ എൽസ - 3ൽ നിന്നൊഴുകിയ കണ്ടെയ്നറുകളിൽ നിന്നാണ് പ്ലാസ്റ്റിക്ക് നർഡിൽസ് അടക്കമുള്ള മാലിന്യങ്ങൾ തീരത്തടിഞ്ഞത്. വലിയ തോതിൽ തീരത്ത് മാലിന്യമടിഞ്ഞ് കൂടിയിട്ടുണ്ട്. പ്ലാസ്റ്റിക്ക് നർഡിൽസ് എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്നും എവിടയെല്ലാം കിടപ്പുണ്ടെന്നും മനസിലാക്കാൻ ഡ്രോൺ സർവേയും നടത്തിയിരുന്നു.രാവിലെ മുതൽ തന്നെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളിലൂടെ മാത്രമേ തീരം ശുചീകരിക്കാൻ കഴിയുവെന്നാണ് വിലയിരുത്തൽ. രാസവസ്തു കലർന്ന പദാർത്ഥമല്ലെങ്കിലും നർഡിലുകൾ പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കിയേക്കുമെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതിനാലാണ് ഇവ തീരത്ത് നിന്നും നീക്കം ചെയ്യുന്നത്. ശേഖരിക്കുന്ന നർഡിൽസ് ചാക്കുകെട്ടുകളിലാക്കി തീരത്ത് നിന്നും നീക്കം ചെയ്യും. സന്നദ്ധ സംഘടനകൾ,സിവിൽ ഡിഫൻസ് ടീം,കോസ്റ്റൽ പൊലീസ്,ഹരിത കർമ്മസേന തുടങ്ങിയ വിഭാഗമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ എറണാകുളത്ത് എത്തിക്കും. സാൽവേജ് കമ്പനിയുടെ നേതൃത്വത്തിൽ തീരത്തടിഞ്ഞ കണ്ടെയ്നറുകൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. അതിനിടെ മീൻ കഴിക്കുന്നത് പ്രശ്നമാണെന്ന തരത്തിൽ തെറ്റായ പ്രചാരണങ്ങൾ നടക്കുകയാണെന്നും അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.