വെള്ളപ്പൊക്ക ഭീഷണിയിൽ കുട്ടനാട്

Friday 30 May 2025 1:22 AM IST

ആലപ്പുഴ : മഴ ശക്തമായതോടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിൽ ജലനിരപ്പ് ഉയർന്നതോടെ കെ.എസ്.ആർ.ടി.സി ബസ്, ജലഗതാഗത വകുപ്പ് ബോട്ട് സർവീസുകൾ എന്നിവ താത്കാലികമായി നിറുത്തി. കുട്ടനാട്ടിൽ മങ്കൊമ്പ്, രാമങ്കരി, കിടങ്ങറ, നെടുമുടി, എടത്വ, കളങ്ങര, തായങ്കരി, കിടങ്ങറ ഭാഗങ്ങളിലെല്ലാം റോഡുകളിലും വീടുകളിലും വെള്ളം കയറി. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെള്ളം കയറി. ജില്ലയിൽ ഇന്നും ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാൽ രാത്രിയിലടക്കം മഴ ശക്തമാകും. പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്നതിനാൽ കിഴക്കൻ വെള്ളത്തിന്റെ വരവും കൂടും. വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ തോട്ടപ്പള്ളിയിൽ പൊഴി മുറിച്ചും ഷട്ടർ തുറന്നും വെള്ളം ഒഴുക്കിവിടാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

കായലിൽ വെള്ളം ഉയർന്നതോടെ യാത്രാബോട്ട് സ‌ർവീസുകളുടെ സ്റ്റോപ്പുകൾ കുറച്ചു. ആലപ്പുഴ- ചങ്ങനാശേരി സർവീസ് കിടങ്ങറ വരെയും, ആലപ്പുഴ- കോട്ടയം റൂട്ടിലേക്കുള്ള സർവീസ് കാഞ്ഞിരം വരെയുമാക്കിയാണ് കുറച്ചത്. വെള്ളം ഉയർന്നതിനാൽ പാലത്തിന് അടിയിലൂടെയുള്ള സർവീസ് നടക്കാത്തതിനാലാണ് സർവീസ് നിറുത്തി വച്ചിരിക്കുന്നതെന്ന് ജലഗതാഗത വകുപ്പ് അധികൃത‌ർ അറിയിച്ചു.

കെ.എസ്.ആർ.ടി.സി സർവീസ് നിറുത്തി

റോഡിൽ വെള്ളം കയറിയതോടെ തായങ്കരി- ചങ്ങനാശേരി, എടത്വ-മുട്ടാർ, കളങ്ങര റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് സ‌ർവീസ് താത്കാലികമായി നിറുത്തി. നിലവിൽ എ.സി റോഡിൽ സർവീസിനെ ബാധിക്കില്ലെങ്കിലും ഇടറോഡുകളിലേക്കുള്ള സ‌ർവീസുകൾ വെള്ളം ഉയർന്നാൽ നിറുത്താൻ സാദ്ധ്യതയുണ്ടെന്ന് കെ.എസ്.ആർ.ടി.സി അധികൃതകർ അറിയിച്ചു. ചമ്പക്കുളം, പുളിങ്കുന്ന്, തട്ടാശേരി റൂട്ടിൽ വെള്ളപ്പൊക്ക ഭീഷണിയുണ്ട്. വെള്ളം ഉയർന്നാൽ ഈ റൂട്ടിലും സ‌ർവീസ് നിറുത്തും.