നടൻ രാജേഷ് അന്തരിച്ചു
ചെന്നൈ: തെന്നിന്ത്യൻ ചലച്ചിത്രതാരം രാജേഷ് (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ചെന്നൈ പോരൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. അഞ്ച് പതിറ്റാണ്ടിനിടെ മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലായി 150ലേറെ സിനിമകളിൽ വേഷമിട്ടു. 24 വർഷമായി സീരിയൽ രംഗത്തും സജീവമായിരുന്നു.
1949 ഡിസംബർ 20ന് മന്നാർഗുഡിയിലാണ് ജനനം. അദ്ധ്യാപകനായിരുന്നു. 1974ൽ ബാലചന്ദർ സംവിധാനം ചെയ്ത 'അവൾ ഒരു തുടർകഥൈ' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം. 1979ൽ പുറത്തിറങ്ങിയ കന്നി പരുവത്തിലെ എന്ന സിനിമയിൽ നായകനായി. 7 ഡേയ്സ്, സത്യ, മഹാനടി, പയനങ്ങൾ മുടിവതിലൈ, വിരുമാണ്ടി തുടങ്ങി നിരവധി സിനിമകളിലെ വേഷങ്ങൾ ശ്രദ്ധേയമായി.
മഹാനദി, വിരുമാണ്ടി, ഇരുവർ, നേരുക്ക് നേർ, ദീന, സിറ്റിസെൻ, രമണ, റെഡ്, സാമി, ആഞ്ജനേയ, ഓട്ടോഗ്രാഫ്, ശിവകാശി, മഴൈ, ധർമപുരി, തിരുപ്പതി, സർക്കാർ, മാസ്റ്റർ, യാതും ഊരേ യാവരും കേളിർ തുടങ്ങിയവ പ്രധാനപ്പെട്ട സിനിമകളിൽ ചിലതാണ്. മലയാളത്തിൽ അലകൾ (1974), ഇതാ ഒരു പെൺകുട്ടി (1988), അഭിമന്യു(1991) എന്നീ സിനിമകളിൽ അഭിനയിച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'മെറി ക്രിസ്മസ്' എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. എഴുത്ത്, റിയൽ എസ്റ്റേറ്റ് ബിസിനസ്, യൂട്യൂബ് മേഖലകളിലും സജീവമായിരുന്നു. മുരളി, നെടുമുടി വേണു, ജോയ് മാത്യു എന്നിവർക്ക് തമിഴിൽ ശബ്ദം നൽകിയിരുന്നത് രാജേഷ് ആയിരുന്നു. പരേതയായ ജോൺ സിൽവിയയാണ് ഭാര്യ. മക്കൾ: ദിവ്യ, ദീപക്. തമിഴ്നാട് ഗവർണർ ആർ.എൻ. രവി, മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, രജനികാന്ത് തുടങ്ങി രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ അനുശോചിച്ചു.