തലശ്ശേരി റെയിൽവേ പ്ളാറ്റ്ഫോമിൽ ചോർച്ച
തലശ്ശേരി: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുനീള പ്ളാറ്റ്ഫോം നിർമ്മിച്ച തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ മേൽക്കൂരയുടെ വിടവുകളിലൂടെ മഴവെള്ളം പ്ളാറ്റ്ഫോമിൽ വീണ് ബുദ്ധിമുട്ടുന്നതായി യാത്രക്കാരുടെ പരാതി. ഇടയ്ക്കുള്ള വിടവുകൾ കൂട്ടിയോജിപ്പിക്കാത്തത് മൂലമാണ് മഴവെള്ളം അകത്തേക്ക് വീഴുന്നത്. രണ്ട് പ്ളാറ്റ്ഫോമിലെയും തെക്ക് ഭാഗത്താണ് വിടവുകൾ ഉള്ളത്.ഇത് വഴി വെള്ളം വീണ് യാത്രക്കാർ വഴുതി വീഴുന്നതും പതിവാണ്. രണ്ടാമത്തെ പ്ളാറ്റ്ഫോമിൽ നിന്ന് ലിഫ്റ്റിലേക്ക് പോകുന്ന വഴിയിൽ മേൽക്കൂരയ്ക്ക് പാത്തി ഇടാത്തതിനാൽ വീഴുന്ന വെള്ളവും പ്ളാറ്റ്ഫോമിലേക്കാണ് ഒഴുകിയെത്തുന്നത്. പ്ളാറ്റ്ഫോമിലെ മറ്റിടങ്ങളിലും ചോർച്ചയുണ്ട്. മഴക്കാലം ആരംഭിച്ചിട്ടും മേൽകൂരയിലുള്ള ചോർച്ച തടയാനുള്ള നടപടികൾ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. എത്രയും വേഗം മേൽകൂരയുടെ പണി പൂർത്തിയാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.മഴ തകർത്തു പെയ്യുന്നതിനാൽ അടിയന്തിരമായി നടപടി ഉണ്ടാവണമെന്നാവശ്യപ്പെട്ട് റെയിൽവേ പാസ്സഞ്ചർ അസോസിയേഷൻ ഭാരവാഹികൾ അധികൃതരെ സമീപിച്ചിരിക്കുകയാണ്.