സെപ്ടിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു
Wednesday 11 September 2019 12:31 PM IST
മുസാഫർപുർ: ബീഹാറിൽ സെപ്ടിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. ബീഹാർ മുസാഫർപുർ ജില്ലയിലെ മധുബൻകാന്തി ഗ്രാമത്തിലാണ് സംഭവം. നിർമ്മാണ തൊഴിലാളികളായ മധുസൂദൻ സഹ്നി, കൗശൽകുമാർ, ധർമേന്ദ്ര സഹ്നി, വീർ കുമാർ സഹ്നി എന്നിവരാണ് മരിച്ചത്. പണി നടക്കുന്ന കെട്ടിടത്തിൽ പുതുതായി നിർമിച്ച സെപ്ടിക് ടാങ്ക് വൃത്തിയാക്കുന്നതിനായി ഒരാൾ അകത്തേക്ക് ഇറങ്ങിയപ്പോൾ ശ്വാസതടസം നേരിട്ടു. തുടർന്ന് കുടുംബത്തിലെ ബാക്കി മൂന്ന് പേർ ഇയാളെ രക്ഷിക്കാനായി ഇറങ്ങുകയും എല്ലാവരും ശ്വാസംമുട്ടി മരിക്കുകയുമായിരുന്നെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കുന്ദൻ കുമാർ പറഞ്ഞു. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നാല് ലക്ഷം രൂപ വീതം സഹായം നൽകുമെന്ന് മിനാപുർ സർക്കിൾ ഓഫീസർ ഗ്യാൻ പ്രസാദ് പറഞ്ഞു.