വാരം, എളയാവൂർ മേഖലകളെ വിറപ്പിച്ച് വൻ ചുഴലിക്കാറ്റ് ഇരുപത് വീടുകളിൽ നാശനഷ്ടം വൈദ്യുതി തൂണുകളും മരങ്ങളും വീണ് ഗതാഗതതടസം
ഒരാൾക്ക് പരിക്ക്
കണ്ണൂർ: ജില്ലയിൽ വീണ്ടും നാശം വിതച്ച് ചുഴലിക്കാറ്റ് .വാരം, വലിയന്നൂർ, എളയാവൂർ മേഖലയിലാണ് ഇന്നലെ ചുഴിക്കാറ്റ് ആഞ്ഞടിച്ചത്. ഏകദേശം ഇരുപതോളം വീടുകൾക്കും സ്ഥാപനങ്ങൾക്കും നാശനഷ്ടം സംഭവിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയുമുണ്ടായി.ഇന്നലെ രാവിലെ ഏഴോടെയായിരുന്നു ചുഴലിക്കാറ്റ് നാടിനെയാകെ പരിഭ്രാന്തിയിലാക്കിയത്.
വലിയന്നൂർ റോഡരികിലെ ലോട്ടറി സ്റ്റാളിലുണ്ടായിരുന്ന മുണ്ടേരി ചാപ്പയിലെ ഉത്തമന് ചുഴലിക്കാറ്റിൽ പരിക്കേറ്റു.ലോട്ടറി സ്റ്റാളിന്റെ ഷീറ്റ് ഇദ്ദേഹത്തിന്റെ ശരീരത്തിലേക്ക് പറന്നു വീഴുകയായിരുന്നു. മുഖത്തും കൈകാലുകൾക്കുമാണ് പരിക്കേറ്റത്. നിരവധി കച്ചവടസ്ഥാപനങ്ങളുടെ മേൽക്കൂരകളും ഷീറ്റുകളും കനത്ത കാറ്റിൽ പാറിപ്പോയി. റോഡിൽ നിർത്തിയിട്ട കാർ മീറ്ററുകൾക്കപ്പുറത്തേക്ക് കാറ്റിൽ നീങ്ങി. സ്ത്രീകളും കുട്ടികളുമടക്കം റോഡിലുണ്ടായിരുന്നവർ നിലവിളിച്ച് ഒടുകകയായിരുന്നുവെന്ന് സമീപത്തെ കച്ചവടക്കാർ പറഞ്ഞു. സൈറന്റെ ശബ്ദത്തോടെ എത്തിയ ചുഴലിക്കാറ്റ് മിനിറ്റുകൾ കൊണ്ടാണ് കനത്ത നാശം വിതച്ചത്.
വലിയന്നൂർ റോഡരികിലെ വസുമതി ഫ്ലോർ മില്ലിന് മുകളിൽ മരം വീണു. സ്ഥാപനത്തിന്റെ മുൻവശത്തെ ഷീറ്റുകൾ ദൂരെ നിലം പതിച്ചു.തൊട്ടടുത്ത പറമ്പിലെ പ്രഭാകരന്റെ വീട്ടിന് മുകളിലും മരം വീണു.എളയാവൂർ ധർമ്മോദയം എൽ.പി സ്കൂളിന് മുകളിൽ മരം വീണ് ഓടുകൾ തകർന്നു. രണ്ട് ലക്ഷം രൂപ ചിലവഴിച്ചാണ് സ്കൂളിന്റെ മേൽക്കൂര ഉൾപ്പെടെ കഴിഞ്ഞ ദിവസം പുതുക്കിപണിതത്.
ധർമ്മോദയം സ്കൂൾ റോഡിൽ മരം കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.ആയങ്കി റോഡിലെ സരോജിനിയുടെ പറമ്പിലെ മരം കടപുഴകി തൊട്ടടുത്ത ഇഖ്ബാലിന്റെ വീടിനു മുൻവശം വീണു. വൈദ്യുതി തൂൺ ഉൾപ്പെടെ തകർന്ന് വീണ് റോഡ് ഗതാഗതം പൂർണമായും തടസപ്പെട്ടു. തൊട്ടടുത്ത സതീശന്റെ വീട്ടിലെ മരം വീണ് വൈദ്യുതി തൂണുകളും അയൽവാസിയായ സുരേന്ദ്രന്റെ വീടിന്റെ ഓടുകളും തകർന്നു.ആയങ്കി കനാലിന് സമീപത്തെ കെ.എം.ബാലകൃഷ്ണന്റെ വീടിന് മുകളിൽ കൂറ്റൻ മരം കടപുഴകി വീണ് വീടിന്റെ മേൽക്കൂര തകർന്നു. കുന്നത്ത് അലി, വാരം തക്കാളി പീടികക്ക് സമീപത്തെ പി.പി.രാമകൃഷ്ണൻ , സിദ്ധിഖ് പള്ളിക്ക് സമീപത്തെ പി.പി.സുരേശൻ, പി.പി.രവീന്ദ്രൻ എന്നിവരുടെ വീടുകൾക്ക് മുകളിലും മരം വീണ് നാശനഷ്ടമുണ്ടായി. ആയങ്കി റോഡിൽ താഹിറ, ഗഫൂർ എന്നിവരുടെ വീടിന്റെ മേൽക്കൂരകൾ ചുഴലിയിൽ നിലം പതിച്ചു.
വാരം കടാങ്കോട് റോഡിൽ പി.പി.സുരേശന്റെ വീടിന് മുകളിൽ കൂറ്റൻ മാവ് കടപുഴകി വീണു.ശാസ്താംകോട്ട ലക്ഷം വീട് കോളനിയിലെ അമ്മാളുവിന്റെ വീട് തകർന്നു. വീട്ടിലുള്ളവരെ മാറ്റി പാർപ്പിച്ചതിനാൽ അപകടം ഒഴിവായി.മേഖലയിൽ വൈദ്യുതി ലൈനുകളും പോസ്റ്റുകളും കേബിളും ഉൾപ്പെടെ തകർന്ന് വലിയ നാശനഷ്ടമുണ്ടായി. അഗ്നിശമനസേന, യൂത്ത് ബ്രിഗേഡ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ തന്നെ മരങ്ങൾ ഉൾപ്പെടെ മുറിച്ച് മാറ്റുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കൗൺസിലർമാരായ കെ .പി .അബ്ദുൾ റസാഖ്, പി.പി.വത്സലൻ, ശ്രീജ ആരംഭൻ, റവന്യൂ- വില്ലേജ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു