71 ഒഴിവുകളിൽ കൂടി എൽ.പി.എസ്.ടി നിയമനം; 40 തസ്തികകൾ മാറ്റിവെക്കാൻ ട്രിബ്യുണൽ ഉത്തരവ്

Thursday 29 May 2025 10:16 PM IST

കാസർകോട്: പി.എസ്.സിയുടെ എൽ.പി എസ്.ടി റാങ്ക് ലിസ്റ്റിൽ നിന്ന് 71 ഉദ്യോഗാർത്ഥികൾക്ക് കൂടി നിയമനം നൽകാൻ വിദ്യാഭ്യാസ വകുപ്പ് . ഒഴിവുകൾ പി.എസ്.സി ക്ക് റിപ്പോർട്ട് ചെയ്ത് പരമാവധി ഉദ്യോഗാർത്ഥികൾക്ക് റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നൽകാൻ ശ്രദ്ധിച്ചിട്ടുണ്ടെന്ന് കാസർകോട് ഡി.ഡി.ഇ ടി.വി മധുസൂദനൻ 'കേരള കൗമുദി'യോട് പറഞ്ഞു. 2022 മേയ് 31 ന് പി എസ് സി പ്രസിദ്ധീകരിച്ച എൽ.പി എസ്.ടി നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് ഈ 30 ന് കാലാവധി തീരുന്ന കാര്യം ഇന്നലെ 'കേരള കൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.

പുതുതായി റിപ്പോർട്ട് ചെയ്ത 71 ഒഴിവുകളിൽ 52 ഉദ്യോഗാർത്ഥികൾക്ക് നിയമനശുപാർശ അയച്ചു കഴിഞ്ഞു. ജാതി സംവരണം -33, ജനറൽ -19 എന്നിങ്ങനെയാണ് അഡ്വൈസ് മെമ്മോ അയച്ചിട്ടുള്ളത്. പതിനാറ് ഒഴിവുകളിൽ നിയമന ശുപാർശ ലഭിക്കാനുണ്ട്.അംഗവൈകല്യമുള്ളവരുടെ കാറ്റഗറിയിൽ ഒഴിവുള്ള 12 തസ്തികയിലെ നിയമനം ആളില്ലാത്തതുകൊണ്ട് മാറ്റിവെച്ചു . ലിസ്റ്റിൽ നിന്നും ഇതുവരെ 416 പേർക്ക് നിയമനം നൽകിയെന്നും ഡി.ഡി.ഇ പറഞ്ഞു.

അതേസമയം പി.എസ്‌.സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾ നൽകിയ ഹരജി പരിഗണിച്ച് റദ്ദാക്കപ്പെടുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് 40 ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകുന്നതിനുള്ള തസ്തിക മാറ്റിവെക്കണമെന്ന ട്രിബ്യുണൽ ഉത്തരവും കാസർകോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ എത്തിയിട്ടുണ്ട്. ഭാവിയിൽ സ്കൂളുകളിൽ ഉണ്ടാകുന്ന ഒഴിവുകളിൽ നിയമനം നടത്തുന്നതിന് ഈ 40 പേരെ പരിഗണിക്കണം എന്നാണ് ഉത്തരവ്. ഇത് സംബന്ധിച്ച പരിശോധന നടത്തി വിദ്യാഭ്യാസ വകുപ്പ് നൽകുന്ന റിപ്പോർട്ട് അനുസരിച്ച് ട്രിബ്യുണൽ ആണ് നിയമന കാര്യം നിശ്ചയിക്കുന്നത്.

എൽ.പി എസ്.ടി മെയിൻ ലിസ്റ്റിൽ 991 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 598 പേരും അടക്കം 1589 പേരുടെ ലിസ്റ്റ് ആണ് നിലവിൽ ഉണ്ടായിരുന്നത്. റാങ്ക് ലിസ്റ്റിൽ നിന്ന് ജനറൽ വിഭാഗത്തിൽ 277 പേരെ നേരത്തെ നിയമിച്ചിരുന്നു. കൊവിഡ് കാലമായിരുന്ന 2019 ൽ അപേക്ഷ ക്ഷണിച്ച് പരീക്ഷ നടത്തി 2022 ൽ ആണ് ഇപ്പോൾ റദ്ദായ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.

റാങ്ക് ലിസ്റ്റിൽ ഉണ്ടായിരുന്ന ഉദ്യോഗാർത്ഥികൾ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിരന്തരം പരാതികൾ നൽകിയതിനാൽ നിയമനത്തിൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം ഉണ്ടായിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് നിയമന കാര്യങ്ങൾ നിരന്തരം അപ്ഡേറ്റ് ചെയ്യാറുണ്ട്. കൃത്യമായി നിയമനങ്ങൾ നടത്തുന്നതിനാണ് ഡി.ഡി.ഇ ഓഫീസ് ശ്രദ്ധിച്ചത്. എഴുതി ലിസ്റ്റിൽ എത്തിയവരോട് പരമാവധി നീതി പുലർത്തണം എന്നേ ആഗ്രഹിച്ചുള്ളൂ. യാതൊരു അലംഭാവവും ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല. ചാർജ്ജ് എടുത്ത ശേഷം എസ്.എസ്.എൽ.സി പരീക്ഷയിൽ പതിമൂന്നാം സ്ഥാനത്തിൽ നിന്ന് എട്ടാം സ്ഥാനത്തേക്ക് ഗ്രാഫ് ഉയർത്താൻ കഴിഞ്ഞു. സുതാര്യമായ ഇടപെടലിലൂടെ അക്കാഡമിക്ക് രംഗത്ത് നേട്ടമുണ്ടാക്കാനായി.

-ടി.വി.മധുസൂദനൻ ( വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ )