പ്രതിഷേധങ്ങളും ഇടപെടലും ഫലം കണ്ടു; ചിറക്കൽ റെയിൽവേ സ്റ്റേഷൻ തുടരും;അടച്ചുപൂട്ടില്ലെന്ന് കേന്ദ്രമന്ത്രി
കണ്ണൂർ: ചരിത്ര പ്രാധാന്യങ്ങളേറെയുള്ള ചിറക്കൽ റെയിൽവെ സ്റ്റേഷൻ അടച്ചു പൂട്ടാനുള്ള തീരുമാനം പിൻവലിച്ച് സതേൺ റെയിൽവേ . ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന് അയച്ച കത്തിലാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സ്റ്റേഷൻ പ്രവർത്തനം അവസാനിപ്പിക്കില്ലെന്ന് ഉറപ്പ് നൽകിയത്.
വരുമാനം കുറവാണെന്നതിന്റെ പേരിൽ സ്റ്റേഷൻ അടച്ചു പൂട്ടാൻ തീരുമാനിച്ചതിൽ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. ഈ മാസം 23ന് സ്റ്റേഷൻ അടച്ചു പൂട്ടണമെന്നുള്ള കൊമേർഷ്യൽ മാനേജരുടെ ഉത്തരവ് വന്നത്. പിന്നാലെ വിവിധ യുവജന സംഘടനകളും രാഷ്ട്രിയ പാർട്ടികളും ജനകീയ കൂട്ടായ്മയും യാത്രക്കാരുടെ കൂട്ടായ്മയും കടുത്ത പ്രതിഷേധങ്ങളുമായി രംഗത്ത് വന്നു.എന്നാൽ പ്രതിഷേധങ്ങൾ കണക്കിലെടുക്കാതെ കഴിഞ്ഞ ദിവസം അടച്ചുപൂട്ടിക്കൊണ്ടുള്ള അവസാന ഉത്തരവ് റെയിൽവേ ഇറക്കുകയായിരുന്നു. ചിറക്കലിൽ ഇനി ട്രെയിൻ നിർത്തില്ലെന്ന് ചെന്നൈ ചീഫ് പാസഞ്ചർ ട്രാഫിക് മാനേജരുടെ അറിയിപ്പ് വന്നതിനാൽ കഴിഞ്ഞ ചെവ്വാഴ്‌ച മുതൽ ഇവിടെ ട്രെയിൻ നിർത്തിയിരുന്നില്ല. കെ.വി സുമേഷ് എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ വിഷയവുമായി ബന്ധപ്പെട്ട് റെയിൽവേ മന്ത്രാലയത്തിന് കത്തുകൾ അയച്ചിരുന്നു.
വെള്ളറക്കാട് ഹാൾട്ട് സ്റ്റേഷനായി തുടരും
ചിറക്കലിനൊപ്പം സംസ്ഥാനത്ത് അടച്ചുപൂട്ടിയ കോഴിക്കോട് ജില്ലയിലെ വെളളറക്കാടും ഹാൾട്ട് സ്റ്റേഷനായി തുടരുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ്ചന്ദ്രശേഖറിന് രേഖാമൂലം അറിയിപ്പ് നൽകി. സ്റ്റേഷൻ അടച്ചുപൂട്ടിയതിനെ തുടർന്ന് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ ജനകീയസമിതി ചേരുകയും മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. വെളളറക്കാട് റെയിൽവേ ഹൾട്ട് സ്റ്റേഷൻ വീണ്ടും പ്രവർത്തനം തുടങ്ങുന്നതോടെ നൂറുകണക്കിന് യാത്രക്കാർക്ക് പ്രയോജനപ്പെടും.
ചിറക്കൽ റെയിൽവേ സ്റ്റേഷൻ പുനസ്ഥാപിച്ച നടപടി സ്വാഗതാർഹം.സംസ്ഥാന സർക്കാരും വിഷയത്തിൽ ഇടപെട്ട് റെയിൽ വെ മന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ജനകീയ പ്രതിഷേധ സംഗമം ഉൾപ്പെടെ എല്ലാവരും ചേർന്ന് നടത്തിയ ഒറ്റക്കെട്ടായ പ്രതിഷേധമാണ് ഫലം കണ്ടത്- എം.എൽ.എ കെ.വി സുമേഷ്