മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്കുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു: സി.പി.എം
തൃശൂർ: ഗുരുവായൂരിലെ ഫാം ഫെഡ് നിക്ഷേപ തട്ടിപ്പ് പുറത്തുവന്നതോടെ കേന്ദ്രാനുമതിയോടെയെന്ന പേരിൽ പ്രവർത്തിക്കുന്ന മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്കുകളുടെ വിശ്വാസ്യതയിൽ വലിയ ചോദ്യങ്ങൾ ഉയരുകയാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ. കേന്ദ്ര നിയമമനുസരിച്ചാണ് മൾട്ടി സ്റ്റേറ്റ് ബാങ്കുകൾ പ്രവർത്തിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പിൻബലത്തിൽ പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെട്ട് ആരംഭിച്ച മൾട്ടി സ്റ്റേറ്റ് ബാങ്കുകളുടെ തകർച്ചയെ കുറിച്ച് ഇ.ഡി അന്വേഷിക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണം. ബി.ജെ.പിയും സുരേഷ് ഗോപിയും ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറാകണം. ഇരിങ്ങാലക്കുട, കുന്നംകുളം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മറ്റൊരു മൾട്ടി സ്റ്റേറ്റ് ബാങ്കും കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ പരാതി ഉയർന്നിട്ടുണ്ട്. കുന്നംകുളം എ.സി.പിക്ക് ഇത് സംബന്ധിച്ച് നിരവധി പരാതികൾ നൽകിയിട്ടുണ്ട്. ഫാം ഫെഡ് നിക്ഷേപ തട്ടിപ്പിൽ നിലവിൽ 25 പരാതികളിലാണ് പൊലിസ് കേസെടുത്തിട്ടുള്ളത്.