തൃശൂർ കോർപറേഷനിൽ ഇനി 56 ഡിവിഷൻ

Friday 30 May 2025 12:06 AM IST

തൃശൂർ: തൃശൂർ കോർപറേഷനിൽ ഇനി 56 വാർഡുകൾ. പുതിയ വാർഡ് വിഭജന ഉത്തരവ് പുറത്തിറങ്ങിയതോടെ കോർപറേഷൻ ഡിവിഷനുകളുടെ എണ്ണം 55ൽ നിന്ന് 56 ആയി. പഴയ ഡിവിഷനുകളുടെ പേരും നമ്പറും പലതും മാറിയപ്പോൾ പള്ളിക്കുളം പോലുള്ള ചില ഡിവിഷനുകൾ പൂർണമായും ഇല്ലാതായി. പുതിയ ലിസ്റ്റ് വന്നപ്പോൾ അതിർത്തികളിൽ മാറ്റം വന്നെങ്കിലും ആദ്യ ഒമ്പത് ഡിവിഷനുകളുടെ പേരിലും നമ്പറിലും വ്യത്യാസമുണ്ടായില്ല.

എന്നാൽ പഴയ ലിസ്റ്റിൽ പത്താം ഡിവിഷൻ മുക്കാട്ടുകരയായിരുന്നെങ്കിൽ പുതിയതിൽ ഗാന്ധി നഗറാണ്. പുതിയ ലിസ്റ്റിൽ മുക്കാട്ടുകര 11ാം വാർഡാണ്. മിക്ക ഡിവിഷനുകളുടെയും പേരും നമ്പറും പരസ്പരം മാറിയിട്ടുണ്ട്. ആദ്യ ഒമ്പത് ഡിവിഷനുകളെ കൂടാതെ ഒല്ലൂക്കര (15), മിഷൻ ക്വാർട്ടേഴ്‌സ് (23), എടക്കുന്നി (29), തൈക്കാട്ടുശ്ശേരി (30), ഒല്ലൂർ (31), തേക്കിൻകാട് (36) എന്നീ ഡിവിഷനുകളും പഴയ നമ്പറിലും പേരിലും നിലനിൽക്കുന്നുണ്ട്.

പരാതിയുണ്ടെന്ന് കോൺഗ്രസ്

കോർപറേഷൻ വാർഡുകൾ വിഭജിച്ചതിൽ പരാതിയുണ്ടെന്ന് കോൺഗ്രസ്. കരട് വിജ്ഞാപനം വന്നപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷന് മുൻപിൽ 62 ഓളം പരാതികൾ കോൺഗ്രസ് നൽകിയിരുന്നതിൽ അഞ്ചോളം പരാതികൾക്ക് മാത്രമാണ് പരിഹാരമുണ്ടായതത്രെ. കുട്ടനെല്ലൂർ ഡിവിഷനിൽ ഉൾപ്പെട്ട ഹിൽ ഗാർഡൻ ചേലക്കോട്ടുകരയിലേക്ക് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ മാറ്റിയതിനെതിരെ കോൺഗ്രസ് നൽകിയ പരാതി പരിഹരിച്ചിട്ടുണ്ട്. ജില്ലാ ഭരണ സിരാകേന്ദ്രം ഉൾപ്പെടുന്ന പ്രദേശം അയ്യന്തോൾ എന്ന പേരിലായിരുന്നു കരടിൽ. ഇത് സിവിൽ സ്റ്റേഷൻ എന്നാക്കണമെന്നതും ചീരാച്ചിയെന്ന് കരടിൽ ഉണ്ടായിരുന്ന പ്രദേശത്തെ ഒല്ലൂർ എന്ന് നാമകരണം ചെയ്യണമെന്നതും ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ മറ്റ് പരാതികളൊന്നും പരിഗണിച്ചില്ല.

വലിയ തോടും റോഡും അതിർത്തിയാക്കി പുനർനിർണയം നടത്തണമെന്ന നിർദ്ദേശം നടപ്പായിട്ടില്ല. കോർപറേഷൻ രൂപീകരണം മുതൽ കോൺഗ്രസിന്റെ പക്കലുണ്ടായിരുന്ന പള്ളിക്കുളം ഡിവിഷൻ ഇല്ലാതാക്കി മറ്റ് ഡിവിഷനുകളോടൊപ്പം ചേർത്തു. തിരഞ്ഞെടുപ്പിന് പാർട്ടി സജ്ജമാണെങ്കിലും പരാതികളുമായി മുന്നോട്ട് പോകണമോയെന്നത് ഡി.സി.സി നേതൃത്വവുമായി ചർച്ച ചെയ്ത് തീരുമാനിക്കും.

രാജൻ ജെ.പല്ലൻ

കോൺഗ്രസ്

പുനർനിർണയവുമായി ബന്ധപ്പെട്ട് എതിർപ്പോ സന്തോഷമോ ഇല്ല. സർക്കാർ രൂപീകരിച്ച ഡീലിമിറ്റേഷൻ കമ്മിറ്റി നിശ്ചയിച്ച കരടിൽ പരാതികൾ കേട്ടും പരിഹരിച്ചുമാണ് പുതിയ വാർഡുകൾ രൂപീകരിച്ചത്. കൃത്യമായ ഇടവേളകളിൽ ചെയ്യേണ്ട കാര്യമാണിത്. ഇക്കാര്യത്തിൽ ഇടപെടുകയോ കൈകടത്തുകയോ ചെയ്തിട്ടില്ല. പുതിയ രേഖപ്രകാരം തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടിയെ ഒരുക്കുക മാത്രമാണ് ചെയ്യാനുള്ളത്.

വർഗീസ് കണ്ടംകുളത്തി

സി.പി.എം.