ലാൻഡിംഗ് നടത്താതെ മടങ്ങി വിമാനം: വീണ്ടും ലാൻഡിംഗ്
Friday 30 May 2025 3:05 AM IST
ശംഖുംമുഖം (തിരുവനന്തപുരം ): കനത്ത കാറ്റിലും ശക്തമായ മഴയിലും തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡിംഗ് നടത്താൻ കഴിയാതെ ഇൻഡിഗോ വിമാനം തിരികെ പറന്നു. ഇന്നലെ വൈകുനേരം 4.15 ബംഗളുരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ ഇൻഡിഗോ വിമാനമാണ് ലാൻഡിംഗ് നടത്താതെ മടങ്ങിയത്.
ശക്തമായ കാറ്റിനെ തുടർന്ന് പല തവണ ലാൻഡിനുള്ള ശ്രമം നടത്തിയെങ്കിലും തുടരെ പരാജയപ്പെട്ടു. തുടർന്ന് എയർ ട്രാഫിക്ക് കൺട്രോൾ ടവറിൽ നിന്നും വിമാനം മറ്റൊരു സുരക്ഷിത ലാൻഡിംഗ് താവളത്തിലേക്ക് തിരിച്ച് വിടാനുള്ള നിർദേശം പൈലറ്റിന് നൽകി .ഇതിന്റെ ഭാഗമായി വിമാനം മധുര വിമാനത്താവളത്തിൽ ലാൻഡിങ് നടത്തി. തിരുവനന്തപുരത്തെ കാലാവസ്ഥ ശരിയായെന്ന് ഉറപ്പ് കിട്ടിയതിനെ തുടർന്ന് വിമാനം രാത്രി 7.45 യോടെ യാത്രക്കാരുമായി മധുരയിൽ നിന്ന് തിരുവനന്തപുരത്തെത്തി സുഗമമായി ലാൻഡിംഗ് നടത്തി