നെടുമൺകാവ് കൽച്ചിറ പള്ളിയിലെ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

Friday 30 May 2025 1:23 AM IST

എഴുകോൺ : നെടുമൺകാവ് കൽച്ചിറ പള്ളി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ എഴുകോൺ പൊലീസ് പിടികൂടി. കൊറ്റംകര ആലുംമൂട്ടിൽ ബിൻസി ഭവനത്തിൽ ബിജു ജോർജ്ജ് (വെട്ടുകിളി 56) ആണ് പിടിയിലായത്. കഴിഞ്ഞ മാർച്ച് 23 നാണ് സംഭവം. പള്ളി ഓഫീസിൽ ഉണ്ടായിരുന്ന 20000 രൂപയുടെ മൊബൈൽ ഫോണും 30000 രൂപയും രണ്ടു ഗ്രാമിന്റെ സ്വർണ ലോക്കറ്റുമാണ് മോഷ്ടിച്ചത്. എഴുകോൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സമീപ പ്രദേശങ്ങളിലെ ഇരുന്നൂറോളം സി.സി.ടി.വി കാമറകൾ പരിശോധിച്ചാണ് സമാനമായ 30 ഓളം മോഷണക്കേസുകളിൽ പ്രതിയായ ബിജു ജോർജ്ജിലേക്ക് എത്തിയത്. പള്ളികളിലും ക്ഷേത്രങ്ങളിലും മോഷണം നടത്തി ആഡംബര ജീവിതം നയിക്കുന്നതാണ് പ്രതിയുടെ രീതി.

കഴിഞ്ഞ ഡിസംബറിൽ നെയ്യാറ്റിൻകര സബ് ജയിലിൽ നിന്ന് മോചിതനായ ബിജു

കൽച്ചിറ പള്ളിയിൽ എത്തി മോഷണം നടത്തുകയായിരുന്നു. പള്ളി ഓഫീസിൽ നിന്ന് മോഷ്ടിച്ച മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം ഡൽഹി, മുംബൈ,മധുര, നാഗർകോവിൽ എന്നിവടങ്ങളിൽ സഞ്ചരിച്ച് ആർഭാട ജീവിതം നയിച്ച പ്രതിയെ നാട്ടിലേക്കുള്ള മടക്കയാത്രയിലാണ് പിടികൂടിയത്. ഇൻസ്പെക്ടർ സുധീഷ് കുമാറിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ നിതീഷ്, ജോൺസൺ, എസ്.സി. പി.ഒ വിനോദ്, സി.പി.ഒ മാരായ കിരൺ,അജിത്,റോഷ്,വിനയൻ,സനൽ,അനന്തു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.അജിത്ത്, റോഷ്, കിരൺ എന്നിവരാണ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയിലേക്ക് എത്തിയത്.