എൻഡോസൾഫാൻ ബാധിതർക്ക് പെൻഷനും സമ്മാനവും കിട്ടി

Wednesday 11 September 2019 12:45 AM IST

കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർക്ക് മുടങ്ങിയിരുന്ന പെൻഷനും സർക്കാർ അനുവദിച്ചിരുന്ന ഓണസമ്മാനവും കിട്ടിത്തുടങ്ങി. രണ്ടു മാസത്തെ പെൻഷൻ തുകയായ 4400 രൂപയും ഓണസമ്മാനമായ 1000 രൂപയുമാണ് ദുരിത ബാധിതരുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയത്. ബാങ്ക് അവധിക്ക് മുമ്പുതന്നെ പണം ഇട്ടതിനാൽ എ.ടി.എം ഉപയോഗിച്ച് പിൻവലിക്കാൻ കഴിഞ്ഞു. ഓണം കുശാലാക്കാനും ദുരിതം ബാധിച്ചവർക്ക് മരുന്ന് വാങ്ങുന്നതിനും അതുകൊണ്ട് സാധിക്കും.

കേരളകൗമുദി വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഇടപെട്ടാണ് മുടങ്ങിയ പെൻഷൻ തുകയും ഓണസമ്മാനവും അനുവദിക്കുന്നതിന് നിർദ്ദേശം നൽകിയത്. അഞ്ച് മാസമായി പെൻഷൻ മുടങ്ങിയിട്ടും കാസർകോട് സാമൂഹ്യ നീതി വകുപ്പും എൻഡോസൾഫാൻ സെൽ അധികാരികളും സഹായം എത്തിക്കുന്നതിന് ഒന്നും ചെയ്തിരുന്നില്ല.

ആഗസ്റ്റ് ആദ്യവാരം തന്നെ ഒമ്പത് കോടി രൂപ സർക്കാർ അനുവദിച്ചിട്ടും ഫണ്ടില്ലെന്ന മുടന്തൻ ന്യായം പറഞ്ഞാണ് പെൻഷൻ നൽകുന്നത് നീട്ടിക്കൊണ്ടുപോയത്. ഓണത്തിനുമുമ്പ് പെൻഷൻ കിട്ടുമെന്ന് കരുതിയിരുന്നു. ആ പ്രതീക്ഷ നഷ്ടപ്പെട്ടതോടെയാണ് എൻഡോസൾഫാൻ ദുരിതബാധിതർ പ്രതിഷേധവുമായി രംഗത്തുവന്നത്. 1000 രൂപ ഓണസമ്മാനം നൽകുമെന്ന സർക്കാർ പ്രഖ്യാപനം അട്ടിമറിക്കാനും നീക്കം നടന്നതായി ദുരിത ബാധിതർ പറഞ്ഞിരുന്നു.