178 കിലോ കഞ്ചാവ് പിടിച്ച കേസിലെ പ്രതികൾക്ക് 20 വർഷം കഠിന തടവ്

Friday 30 May 2025 1:43 AM IST

ചാലക്കുടി: ദേശീയപാതയിൽ പോട്ടയിൽ 178 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിൽ ഒന്നും രണ്ടും മൂന്നും പ്രതികൾക്ക് 20 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തൃശൂർ അഡീഷണൽ കോടതി ഉത്തരവ്. രണ്ട് ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടു. എറണാകുളം ചെറുപറമ്പിൽ വീട്ടിൽ സാദിക്ക് (29), കുമ്പളം സ്വദേശികളായ കൊല്ലംപറമ്പിൽ ഷനൂപ് (26), പട്ടത്തനം വീട്ടിൽ വിഷ്ണുവിനെയാണ് (25) ജില്ലാ ജഡ്ജ് കെ.എം.രതീഷ്‌ കുമാർ ശിക്ഷിച്ചത്. കഴിഞ്ഞ 2021 ജൂലായ് ഒന്നിന് പോട്ടയിലെ മേഴ്‌സി ഹോമിന് സമീപമായിരുന്നു പൊലീസിന്റെ കഞ്ചാവ് വേട്ട. സാദിക്ക് ഓടിച്ചിരുന്ന കാറിൽ ഷനൂപും വിഷ്ണുവും സഹായികളായിരുന്നു. എറണാകുളത്ത് വിൽപ്പനയ്ക്ക് കൊണ്ടു പോയതായിരുന്നു കഞ്ചാവെന്ന് പൊലീസിന്റെ കുറ്റപ്പത്രത്തിൽ വ്യക്തമാക്കി. ചാലക്കുടി സബ്ബ് ഇൻസ്‌പെക്ടറയിരുന്ന ഷാജൻ എം.എസും സംഘവും കാർ തടഞ്ഞുനിറുത്തിയാണ് കഞ്ചാവ് പിടികൂടിയത്. കേസിൽ പ്രൊസിക്യൂഷൻ ഭാഗത്ത് നിന്നും 16 സാക്ഷികളെ വിസ്തരിച്ചു. സബ്ബ് ഇൻസ്‌പെക്ടർ സജി വർഗീസ് , സീനിയർ സിവിൽ പൊലീസ് ഓഫീസർ അഭിലാഷ് പി.എ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രൊസീക്യൂഷനായി പബ്ലിക് പ്രോസീക്യൂട്ടർ കെ.എൻ.സിനിമോൾ, അഡ്വ.ഗിരീഷ് മോഹൻ എന്നിവർ ഹാജരായി.