പാകിസ്ഥാനിൽ ന്യൂനപക്ഷ പീഡനം ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടി പാക് മുൻ പ്രവിശ്യാ സഭാംഗം

Wednesday 11 September 2019 12:48 PM IST

ചണ്ഡിഗഢ്: പാകിസ്ഥാനിലെ മുൻ നിയമസഭാംഗം അഭയം തേടി കുടുംബസമേതം ഇന്ത്യയിൽ. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്‌രിക് ഇ- ഇൻസാഫ് പാർട്ടിയുടെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യാ അസംബ്ളി അംഗമായിരുന്ന ബൽദേവ് കുമാർ ആണ് ഭാര്യയെയും രണ്ടു മക്കളെയും കൂട്ടി ഒരു മാസം മുമ്പ് പഞ്ചാബിലെ ഖന്നയിൽ താമസമാക്കിയത്.പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്നും ഹിന്ദു, സിഖ് നേതാക്കളെ കൊലപ്പെടുത്തുകയാണെന്നും ബൽദേവ് കുമാർ പറഞ്ഞു. പാകിസ്ഥാനിലെ അവസ്ഥയെന്തെന്ന് ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്. ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായപ്പോൾ വളരെ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം പരാജയപ്പെട്ടു- ബാരികോട്ട് സംവരണ മണ്ഡലത്തിൽ നിന്നുള്ള അംഗമായിരുന്ന ബൽദേവ് പറഞ്ഞു.പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുകയാണ്. വളരെയേറെ ബുദ്ധിമുട്ടുകൾ സഹിച്ചാണ് അവിടെ കഴിഞ്ഞത്. രണ്ടു വർഷം തന്നെ ജയിലിലാക്കി. പാകിസ്ഥാനിലേക്ക് ഇനി മടങ്ങിപ്പോകില്ല. നിരവധി സിഖ്, ഹിന്ദു കുടുംബങ്ങൾ ഇന്ത്യയിലേക്കു കുടിയേറാൻ ആഗ്രഹിക്കുന്നുണ്ട്. തനിക്കും കുടുംബത്തിനും രാഷ്ട്രീയഅഭയവും സുരക്ഷയും നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അപേക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.അവിടെ നിർബന്ധിത മതപരിവർത്തനം നടക്കുന്നു. ഒരു സിഖ് പെൺകുട്ടിയെ നിർബന്ധിത മതപരിവർത്തനം നടത്തിയ സംഭവം അടുത്തിടെ പുറത്തുവന്നിരുന്നു. അങ്ങനെ സംഭവിക്കാൻ പാടില്ല- അദ്ദേഹം പറഞ്ഞു. സിഖുകാരനും സ്വന്തം പാർട്ടിക്കാരനുമായ എം.എൽ.എ സർദാർ സോറൻ സിംഗ് 2016 ഏപ്രിലിൽ കൊല്ലപ്പെട്ട കേസിൽ കുറ്റാരോപിതനാണ് ബൽദേവ് കുമാർ.