കുമ്പളങ്ങാട് ബിജു വധക്കേസ്: എട്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി
തൃശൂർ: സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവർത്തകനായ വടക്കാഞ്ചേരി കുമ്പളങ്ങാട് ചാലയ്ക്കൽ വീട്ടിൽ ബിജുവിനെ (31) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എട്ടു പ്രതികളും കുറ്റക്കാരാണെന്ന് കോടതി. ജഡ്ജ് കെ.എം.രതീഷ് കുമാർ ഇന്ന് ശിക്ഷാവിധി പ്രസ്താവിക്കും. സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയായ കുമ്പളങ്ങാട് പന്തലങ്ങാട്ട് ജിനീഷിനെ (39) വെട്ടിക്കൊലപ്പെടുത്താനും പ്രതികൾ ശ്രമിച്ചിരുന്നു. കേസിലെ 9 പ്രതികളിൽ ആറാം പ്രതിയായ രവി വിചാരണയ്ക്കിടയിൽ മരിച്ചു. മറ്റ് പ്രതികളായ കുമ്പളങ്ങാട് മൂരായിൽ ജയേഷ് (43), ഇരവുകുളങ്ങര സുമേഷ് (42), കുറ്റിക്കാടൻ സെബാസ്റ്റ്യൻ (46), തൈക്കാടൻ ജോൺസൺ (51), കിഴക്കോട്ടിൽ ബിജു എന്ന കുചേലൻ ബിജു (46), കരിമ്പന വളപ്പിൽ സജീഷ് എന്ന സതീഷ് (39), കരിമ്പനവളപ്പിൽ സുനീഷ് (34), കരിമ്പനവളപ്പിൽ സനീഷ് (37) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2010 മേയ് 16ന് വൈകിട്ട് അഞ്ചിന് കുമ്പളങ്ങാട് ഗ്രാമീണവായനശാലയുടെ മുൻവശത്തു വച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഡി.വൈ.എഫ്.ഐ യൂണിറ്റ് സമ്മേളനം നടത്തിപ്പ് സംബന്ധിച്ച് സഹപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ ബിജുവിന്റെയും ജിനീഷിന്റെയും അരികിലെത്തി ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ പ്രതികൾ മാരകായുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു.