ജമ്മു കാശ്മീരിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ട് പാക് ഭീകരസംഘടനകളും ഐ.എസ്.ഐയും

Wednesday 11 September 2019 12:50 PM IST

ഇസ്ലാമാബാദ്: വിവിധ ഭീകരവാദ സംഘങ്ങളുമായി ചേർന്ന് ജമ്മു കാശ്മീരിൽ പാകിസ്ഥാൻ ആക്രമണങ്ങൾക്ക് പദ്ധതി തയ്യാറാക്കുന്നതായി റിപ്പോർട്ട്. ഇതിനായി പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ നേതൃത്വത്തിൽ പാകിസ്ഥാനിൽ രഹസ്യയോഗങ്ങൾ നടക്കുന്നതായും വിവരമുണ്ട്.ദക്ഷിണേന്ത്യയിലടക്കം ഭീകരാക്രമണ സാദ്ധ്യതയെന്ന ഇന്റലിജൻസ് റിപ്പോർട്ടിന് പിന്നാലെയാണ് പുതിയ വിവരവും പുറത്തുവരുന്നത്. പുൽവാമയിലടക്കം ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങൾക്ക് ചരടുവലിച്ച ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ പാകിസ്ഥാൻ കഴിഞ്ഞ ദിവസം രഹസ്യമായി മോചിപ്പിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കുകയും, വിഷയം അന്താരാഷ്ട്ര ശ്രദ്ധയിൽ കൊണ്ടുവരാനുള്ള പാക് ശ്രമങ്ങൾ പരാജയപ്പെടുകയും ചെയ്തതോടെയാണ് ഇന്ത്യയ്ക്കെതിരെ ഭീകരാക്രമണങ്ങൾക്ക് പാകിസ്ഥാൻ വീണ്ടും കോപ്പ കൂട്ടുന്നത്.ഇസ്ലാമാബാദിൽ ജയ്‌ഷെ ഇ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ, ഖാലിസ്താനി സിന്ദാബാദ് ഫോഴ്‌സ് തുടങ്ങിയ ഭീകര സംഘടനകളുമായി ഐ.എസ്‌.ഐ ചർച്ചകൾ നടത്തിയെന്നാണ് വിവരം. ഷോപ്പിയാൻ മേഖലയിലൂടെ നുഴഞ്ഞു കയറി ജമ്മുവിലെത്താനുള്ള പദ്ധതികൾ ഭീകരർ ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഇന്ത്യൻ സൈന്യത്തിന്റെ തന്ത്രപ്രധാന മേഖലകളിൽ ആക്രമണത്തിനാണ് പദ്ധതിയെന്നുമാണ് സൂചന. സാമ്പയിലെ ബാരി ബ്രാഹ്മണ ക്യാമ്പ്, സുഞ്ജ്വാൻ, ജമ്മുവിലെ കാലുച്ചക്ക് ക്യാമ്പ് എന്നിവിടങ്ങളും ഭീകരർ ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്‌. അമ്പതോലം പേർ നിയന്ത്രണ രേഖയിൽ നുഴഞ്ഞു കയറാൻ കാത്ത് നിൽക്കുന്നുണ്ടെന്ന വിവരം കഴിഞ്ഞ ആഴ്ചയാണ്‌ രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചത്‌. ഗുൽമാർഗിൽ നിന്ന് അറസ്റ്റിലായ പാക് ഭീകരരുടേതായിരുന്നു വെളിപ്പെടുത്തൽ.