മാനഭംഗക്കേസിൽ 25കാരനെ വെറുതെ വിട്ട് സുപ്രീംകോടതി
ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധം സ്ഥാപിച്ചെന്ന വിവാഹിതയായ പരാതിക്കാരിയുടെ ആരോപണം നിലനിൽക്കില്ലെന്ന് വിധിച്ച സുപ്രീംകോടതി 25കാരനായ പ്രതിയെ വെറുതെ വിട്ടു. വിവാഹിതയായിരുന്ന പരാതിക്കാരി പ്രതിയുമായി ഉഭയസമ്മതത്തോടെയാണ് ബന്ധം സ്ഥാപിച്ചതെന്ന് കോടതി കണ്ടെത്തി. ഇത്തരം സാഹചര്യത്തിൽ വിവാഹ വാഗ്‌ദാനം നിയമവിരുദ്ധവും നടപ്പിലാക്കാൻ കഴിയാത്തതുമാണെന്നും ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എസ്.സി. ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ബന്ധത്തിന്റെ തുടക്കം മുതൽ പ്രതിക്ക് വഞ്ചനാപരമായ ഉദ്ദേശ്യമില്ലെങ്കിൽ, വിവാഹ വാഗ്ദാനം നൽകിയുള്ള മാനഭംഗമായി കണക്കാക്കില്ല. പരസ്പര സമ്മതത്തോടെയുള്ള ബന്ധം വഷളാകുന്നതിനും പങ്കാളികൾ അകലുന്നതിനും നിയമ സംവിധാനം ഉത്തരവാദിയല്ല. ഇത്തരത്തിൽ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യരുതെന്ന് മുൻപും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹവാഗ്‌ദാനം തെറ്റിച്ചതിന് ഐ.പി.സി 376-ാം വകുപ്പ് പ്രകാരം കുറ്റം ചുമത്തി പ്രോസിക്യൂട്ട് ചെയ്യുന്നത് മണ്ടത്തരമാണെന്ന് കോടതി വിശേഷിപ്പിച്ചിട്ടുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു.
ബന്ധം ആരംഭിക്കുമ്പോൾ തന്നെ പരാതിക്കാരി വിവാഹിതയായിരുന്നു എന്ന് കോടതി കണ്ടെത്തി. ആ സമയത്ത് ഭർത്താവുമായി വേർപിരിഞ്ഞെങ്കിലും വിവാഹമോചന കരാർ പിന്നീടാണ് നടപ്പാക്കിയത്. അതിനാൽ, പരാതിയിൽ പറയുന്ന വിവാഹ വാഗ്ദാനം നിയമപരമായി നടപ്പിലാക്കാൻ കഴിയാത്തതാണ്. 12 മാസത്തിലേറെ പ്രതിയുമായി നിലനിന്നത് ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.