അയോദ്ധ്യയിൽ ഉപദേവതാ പ്രാണപ്രതിഷ്ഠ ചടങ്ങ് ജൂൺ 5ന് ; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
ലക്നൗ: അയോദ്ധ്യ രാമക്ഷത്രത്തിൽ ജൂൺ അഞ്ചിന് നടക്കുന്ന ഉപദേവതകളുടെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ശ്രീരാമൻ, സീതാദേവി, സൂര്യദേവൻ, ദുർഗാദേവി, ഹനുമാൻ, ഭരതൻ, ശത്രുഘ്‌നൻ, സപ്‌തർഷി, അന്നപൂർണ തുടങ്ങിയ ദൈവ വിഗ്രഹങ്ങൾ ദർബാർ ഹാളിൽ പ്രതിഷ്‌ഠിക്കുന്ന ചടങ്ങാണിത്. ഇതോടനുബന്ധിച്ച് മൂന്നുദിവസത്തെ പൂജകളും പ്രാർത്ഥനകളും ജൂൺ മൂന്നിന് തുടങ്ങും.
പ്രശസ്ത ശിൽപി സത്യനാരായണൻ നിർമ്മിച്ച രാമ വിഗ്രഹത്തിന് 4.5 അടി ഉയരമുണ്ടാവും. രാമന്റെയും സീതയുടെയും വിഗ്രഹങ്ങൾ ഒരേ കല്ലിലും മറ്റ് വിഗ്രഹങ്ങൾ വ്യത്യസ്‌തമായ കല്ലുകളിലുമാണ് തീർത്തിരിക്കുന്നത്. ചടങ്ങിന്റെ ഭാഗമായി എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുന്നതായി ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന്റെ നിർമാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര അറിയിച്ചു. 2020ൽ ആരംഭിച്ച ക്ഷേത്രത്തിലെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ഈ വർഷം സെപ്‌തംബർ-ഒക്ടോബർ മാസത്തോടെ പൂർത്തിയാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പരകോട്ട, പേശവതാർ തുടങ്ങിയ പ്രധാന ഭാഗങ്ങളുടെ നിർമാണം അവസാന ഘട്ടത്തിലാണ്. ക്ഷേത്രത്തിന്റെ പ്രധാന കവാടങ്ങളിലും ഭിത്തികളിലും ദേവതകളുടെ ചിത്രങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ജൂൺ അഞ്ചിന് നടക്കുന്ന ചടങ്ങിനായി രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും ഭക്തർ അയോദ്ധ്യയിലേക്ക് പ്രവഹിക്കുകയാണ്.