പാക് അധീന കാശ്‌മീർ ജനത നമുക്കൊപ്പം ചേരും: രാജ്‌നാഥ് സിംഗ്
ന്യൂഡൽഹി: പാക് അധീന കാശ്മീരിലുള്ളവർ നമ്മുടെ കുടുംബാംഗങ്ങളാണെന്നും ഇന്ത്യക്കാരാണെന്ന് പ്രഖ്യാപിച്ച് അവർ രാജ്യത്തേക്ക് മടങ്ങുന്ന ദിനം വിദൂരമല്ലെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഡൽഹിയിൽ സി.ഐ.ഐ ബിസിനസ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം" എന്ന ദർശനത്തോട് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഭൂമിശാസ്ത്രവും രാഷ്ട്രീയപരവുമായ കാരണത്താൽ വേർപിരിഞ്ഞവർ ഒരു ദിവസം അന്തസോടെയും ആത്മാഭിമാനത്തോടെയും തിരികെയെത്തുമെന്ന് വിശ്വസിക്കുന്നു. നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തുള്ള സഹോദരീ സഹോദരന്മാരിലുള്ള ഇന്ത്യയുടെ വിശ്വാസം അചഞ്ചലമാണ്.
പാക് അധിനിവേശ കാശ്മീരിലുള്ളത് നമ്മുടെ സ്വന്തം ജനതയാണ്. അവിടെയുള്ള ഭൂരിഭാഗം ആളുകളും ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധം കാത്തു സൂക്ഷിക്കുന്നു, വഴിതെറ്റിക്കപ്പെട്ടവർ ചുരുക്കം ചിലർ മാത്രമേയുള്ളൂ.- രാജ്നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യയുടെ പ്രതിരോധ ശേഷിയുടെ ശക്തിയും അദ്ദേഹം വ്യക്തമാക്കി. 'ഓപ്പറേഷൻ സിന്ദൂറിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സംവിധാനങ്ങൾ ലോകത്തെ ഞെട്ടിച്ചു, ഏത് ശത്രുവിന്റെയും കവചം തുളച്ചുകയറാനുള്ള ശക്തി നമുക്കുണ്ടെന്ന് തെളിയിച്ചു. ഇന്ന് ദേശീയ സുരക്ഷയ്ക്ക് മേക്ക് ഇൻ ഇന്ത്യ പ്രധാനമാണെന്ന് തെളിയിക്കപ്പെട്ടു. പാകിസ്ഥാന് തിരിച്ചടി നൽകിയത് ഉത്തരവാദിത്തപരമായ സംയമനം പാലിച്ചുകൊണ്ടായിരുന്നു. അല്ലായിരുന്നുവെങ്കിൽ ഇതിലും കൂടുതൽ നാശനഷ്ടങ്ങൾ പാകിസ്ഥാനുണ്ടാകുമായിരുന്നു.
ഭീകരതയോടുള്ള പ്രതികരണത്തെ ഇന്ത്യ പുനർനിർവചിച്ചിട്ടുണ്ട്. പാകിസ്ഥാൻ ഇപ്പോൾ തിരിച്ചറിഞ്ഞതുപോലെ ഭീകരതയ്ക്ക് വലിയ വില നൽകേണ്ടിവരുമെന്ന് മുന്നറിയിപ്പും നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പാകിസ്ഥാനിലെ യുവാക്കളോട് 'ഭീകരത എന്ന രോഗത്തിൽ' നിന്ന് അവരുടെ രാജ്യത്തെ മോചിപ്പിക്കാൻ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് രാജ്നാഥ് സിംഗിന്റെ പ്രതികരണം.