പാലാ പിടിക്കാൻ നേതാക്കളുടെ പട
കോട്ടയം: പാലാ പോരിന് രണ്ടാഴ്ച ശേഷിക്കേ പ്രചാരണം കൊഴുപ്പിക്കാൻ ദേശീയ - സംസ്ഥാന നേതാക്കളുടെ പടയൊരുക്കം. ഓണ അവധിയോടെ ആലസ്യത്തിലായ പ്രചാരണം നേതാക്കളെത്തുന്നതോടെ ചുട്ടുപൊള്ളും. ശബരിമല, റബർ വിലയിടിവ്, പ്രളയ ദുരിതാശ്വാസം തുടങ്ങിയവയ്‌ക്ക് മുഖം കൊടുക്കാതെ ജോസഫിനെ കരുവാക്കി യു.ഡി.എഫിലെ അനൈക്യം ഉയർത്തിയാണ് ഇടതു പ്രചാരണം. ജോസഫിനെ അപമാനിച്ചെന്നാരോപിച്ച് യു.ഡി.എഫിനെ പ്രതിരോധത്തിലാക്കുന്ന തന്ത്രമാണ് ഇടതു മുന്നണിയുടേത്. ജോസഫിനെ അനുനയിപ്പിക്കാനുള്ള നീക്കം യു.ഡി.എഫ് നടത്തുന്നുണ്ടെങ്കിലും ജോസ് - ജോസഫ് വിഭാഗം പ്രവർത്തകർ തമ്മിലുള്ള അകൽച്ച ഇരട്ടിച്ചു. പ്രശ്‌ന പരിഹാരത്തിന് കൺവീനർ ബെന്നി ബെഹനാന്റെ നേതൃത്വത്തിൽ യു.ഡി.എഫ് ഉപസമിതി ജോസഫ് വിഭാഗവുമായി അനുരഞ്ജന ചർച്ച നടത്തുകയാണ്. തിരഞ്ഞെടുപ്പ് കഴിയും വരെ പരസ്യ പ്രതികരണം നടത്തരുതെന്ന യു.ഡി.എഫ് തീരുമാനവും ഇരുവിഭാഗവും ലംഘിച്ചു. താത്കാലിക വെടിനിറുത്തലുണ്ടായാലും കാലുവാരൽ ഉണ്ടാകുമെന്ന സംശയത്തിലാണ് നേതാക്കൾ.
മുഖ്യമന്ത്രി മൂന്നു ദിവസം പാലായിൽ
ഇടതു സ്ഥാനാർത്ഥി മാണി സി. കാപ്പന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുമെത്തുന്നുണ്ട്. 18 മുതൽ 20 വരെ പാലായിൽ താമസിച്ച് നിരവധി കുടുംബയോഗങ്ങളിലടക്കം മുഖ്യമന്ത്രി പങ്കെടുക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രിമാരായ എ.കെ. ബാലൻ, കെ.ടി. ജലീൽ, മേഴ്‌സിക്കുട്ടിഅമ്മ, എ.കെ. ശശീന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, ചീഫ് വിപ്പ് കെ. രാജൻ തുടങ്ങിയവരും പാലായിലെത്തും.
യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന്റെ പ്രചാരണത്തിനായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ വിവിധ യോഗങ്ങളിൽ പങ്കെടുക്കും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുസ്ളിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ തുടങ്ങിയവരും പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.
എൽ.ഡി.എ സ്ഥാനാർത്ഥി എൻ. ഹരിക്കായി കേന്ദ്ര സഹമന്ത്രി വി. മുരളീധരനടക്കമുള്ളവരെത്തും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, ദേശീയ എക്‌സിക്യൂട്ടിവ് അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എ.എൻ. രാധാകൃഷ്ണൻ, എം.ടി. രമേശ്, കെ. സുരേന്ദ്രൻ, എൻ.ഡി.എ നേതാക്കളായ പി.സി. തോമസ്, പി.സി. ജോർജ് എന്നിവരുമെത്തും.