കര കടന്ന് കടൽ

Friday 30 May 2025 12:31 AM IST

കൊടുങ്ങല്ലൂർ: കാലവർഷം ശക്തമായതോടെ കൊടുങ്ങല്ലൂരിന്റെ തീരദേശത്ത് കടലേറ്റം രൂക്ഷം. കാര ബീച്ച് റോഡ്, തട്ടുകടവ്, പുതിയ റോഡ്, പടിഞ്ഞാറെ റെമ്പല്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ കടൽ വെള്ളം കയറി. ശക്തമായ തിരിമാലയിൽ കാര ബീച്ചിൽ നിർമ്മിച്ച മണൽതിട്ട തകർന്നു. തുടർന്ന് ജെസിബി ഉപയോഗിച്ച് വീണ്ടും മണൽ തിട്ട നിർമ്മാണം ആരംഭിച്ചു. ഈ പ്രദേശത്ത് രണ്ടര കിലോമീറ്റർ ദൂരം തിരമാല അടിച്ച് കയറി. തുടർച്ചയായി രണ്ടു ദിവസമുണ്ടായ കടലാക്രമണത്തിൽ മണൽതിട്ടയുടെ മുകളിലൂടെയാണ് തിരയടിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ നിറഞ്ഞ മഴവെള്ളം കടലിലേക്ക് ഒഴുക്കിവിടുന്നതിനായി കാര പുതിയ റോഡ് കടപ്പുറത്ത് തുറന്ന അറപ്പയിലൂടെ കടൽ വെള്ളം കരയിലേക്ക് കയറിയത് സമീപത്തെ രണ്ടു കുടുംബങ്ങൾക്ക് ഭീഷണിയായി. ചുള്ളിപ്പാടത്ത് അബു ,പുവ്വത്തിങ്കൽ സീനത്ത് എന്നിവരുടെ വീടുകളിൽ കടൽ വെള്ളം കയറുന്ന അവസ്ഥയാണ്. കാര ബീച്ചിൽ കടപ്പുറത്ത് പകൽ സമയങ്ങളിൽ താമസിച്ചു വന്നിരുന്ന പാറാശ്ശേരി ദക്ഷായണിയുടെ വീട് കടലാക്രമണത്തിൽ തകർന്നു.