സർക്കാരിൽ നിന്നുള്ള പടിയിറക്കം: ട്രംപ്- മസ്‌ക് ബന്ധം ഉലയുന്നു
വാഷിംഗ്ടൺ: തന്നെ നിയമിച്ച ഡൊണാൾഡ് ട്രംപിന് നന്ദി അറിയിച്ചാണ് ഇലോൺ മസ്ക് യു.എസ് സർക്കാരിൽ നിന്ന് പടിയിറങ്ങിയത്. എന്നാൽ ഏറെ ആഘോഷിക്കപ്പെട്ട ട്രംപ് - മസ്ക് കൂട്ടുകെട്ടിന്റെ അവസാനമാണ് ഈ മാറ്റമെന്ന് റിപ്പോർട്ടുകൾ വരുന്നു. ട്രംപ് - മസ്ക് ബന്ധത്തിൽ ഉലച്ചിലുകൾ ആരംഭിച്ചിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണം മുതൽ ട്രംപിനായി സജീവമായിരുന്നു മസ്ക്. ട്രംപ് രൂപീകരിച്ച താത്കാലിക കമ്മിഷനായ ഡോഷിന്റെ (DOGE- ഡിപ്പാർട്ട്മെന്റ് ഒഫ് ഗവൺമെന്റ് എഫിഷ്യൻസി) മേൽനോട്ടച്ചുമതലയും മസ്‌കിനായിരുന്നു. കാലാവധി പൂർത്തിയാക്കുന്നതിനാലാണ് സർക്കാർ വിടുന്നതെന്ന് മസ്ക് പറയുന്നു. എന്നാൽ മസ്‌കിന് ഇനിയും ട്രംപിന്റെ നയങ്ങളുമായി ഒത്തുപോകാൻ കഴിയില്ലെന്നാണ് റിപ്പോർട്ട്.
ട്രംപിന്റെ പുതിയ ടാക്സ്-ബഡ്‌ജറ്റ് ബില്ലിനെ വിമർശിച്ച് തൊട്ടടുത്ത ദിനമാണ് മസ്കിന്റെ വിടവാങ്ങൽ പ്രഖ്യാപനം. ബില്ല് ചെലവ് കൂട്ടുമെന്നും ഡോഷിന്റെ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുമെന്നും മസ്ക് ആരോപിച്ചു. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരിലും റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളിലും ഇത് അതൃപ്തിയുണ്ടാക്കി. തീരുവ വിഷയത്തിലടക്കം മസ്കിന് ട്രംപുമായി ഭിന്നതയുണ്ടെന്നും പറയുന്നു. ഡോഷിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള കേസുകളും മസ്കിനെ പിന്മാറാൻ പ്രേരിപ്പിച്ചിരിക്കാം.
ട്രംപ് ഭരണകൂടത്തിലെ സെക്രട്ടറിമാരിൽ പലർക്കും മസ്കിന്റെ ഇടപെടലുകളിൽ അതൃപ്തിയുണ്ടായിരുന്നു. ഫെഡറൽ ഏജൻസികളിലെ ജീവനക്കാരെ വെട്ടിച്ചുരുക്കി സർക്കാരിന്റെ ചെലവ് കുറയ്ക്കാനുള്ള നടപടികൾ ഡോഷ് സ്വീകരിച്ചത് പ്രതിഷേധത്തിന് കാരണമായി. ഇതിന്റെ പേരിൽ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉൾപ്പെടെ മസ്ക് വഴക്കിട്ടു. ഉപദേശകനെന്ന നിലയിൽ ട്രംപിന്റെ മിഡിൽ ഈസ്റ്റ് യാത്രയിലും ക്യാബിനറ്റ് യോഗങ്ങളിലും മസ്‌ക് ഒപ്പമുണ്ടായിരുന്നു. എന്നാൽ ട്രംപുമായുള്ള താത്കാലിക പ്രശ്നമാണിതെന്ന വിലയിരുത്തലുമുണ്ട്.
ഇന്നലെയാണ് ലോകകോടീശ്വരനും ടെസ്‌ല, സ്പേസ് എക്സ് മേധാവിയുമായ മസ്‌ക് സർക്കാർ വിടുന്നതായി പ്രഖ്യാപിച്ചത്. അതേസമയം ഡോഷിന്റെ പ്രവർത്തനം തുടരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സർക്കാരിന്റെ പാഴ്ച്ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതുൾപ്പെടെയുള്ള ലക്ഷ്യങ്ങളുമായി രൂപീകരിച്ച ഡോഷിന്റെ കാലാവധി 2026 ജൂലായ് വരെയാണ്.
തന്റെ കാലാവധി അവസാനിച്ചു. അവസരം നൽകിയ ട്രംപിന് നന്ദി
- ഇലോൺ മസ്ക്
# റോൾ താത്കാലികം
മസ്ക് സർക്കാരിന്റെ ഭാഗമായത് 'പ്രത്യേക ഉദ്യോഗസ്ഥൻ" എന്ന നിലയിൽ
കാലാവധി പരമാവധി 130 ദിവസം, മസ്‌കിന്റെ കാലാവധി ഇന്ന് അവസാനിക്കും
മസ്‌ക് സർക്കാർ വിടാൻ കാരണമിതെന്ന് വൈറ്റ് ഹൗസ്
പ്രഖ്യാപനത്തിന് മുന്നേ മസ്ക് ട്രംപുമായി ഔദ്യോഗിക ചർച്ച നടത്തിയില്ല
തീരുമാനം മുതിർന്ന ഉദ്യോഗസ്ഥ തലത്തിൽ കൈക്കൊണ്ടതെന്ന് വിവരം
സർക്കാരിലെ റോൾ പതിയെ നിറുത്തുമെന്നും ബിസിനസിൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും മസ്‌ക് ഏപ്രിലിൽ സൂചന നൽകി