കീഴടക്കിയത് 31 തവണ, അദ്‌ഭുതം, എവറസ്റ്റ് മാൻ !
കാഠ്മണ്ഡു: 31-ാം തവണയും എവറസ്‌റ്റിനെ കീഴടക്കി സ്വന്തം റെക്കാഡ് വീണ്ടും തകർത്ത് നേപ്പാളുകാരനായ കാമി റീത (55). 'എവറസ്റ്റ് മാൻ" എന്നറിയപ്പെടുന്ന ഇദ്ദേഹമാണ് ലോകത്തെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ എവറസ്റ്റിന്റെ മുകളിൽ ഏറ്റവും കൂടുതൽ തവണ എത്തിയ മനുഷ്യൻ.
ചൊവ്വാഴ്ച പ്രാദേശിക സമയം പുലർച്ചെ നാലിന് സമുദ്രനിരപ്പിൽ നിന്ന് 8,849 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റിന്റെ മുകളിലെത്തിയതോടെയാണ് റീത തന്റെ 31 -ാം ദൗത്യം വിജയകരമായി കൈപ്പിടിയിലൊതുക്കിയത്. ഇത്തവണ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥരുടെ സംഘത്തെ നയിച്ചാണ് ഷെർപ്പ വിഭാഗത്തിൽപ്പെടുന്ന റീത എവറസ്റ്റിൽ എത്തിയത്.
1994ലാണ് റീത ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. എവറസ്‌റ്റ് കയറുന്ന ടീമുകളുടെ സഹായി ആയിട്ടാണ് റീത എവറസ്‌റ്റിലേക്ക് യാത്ര തുടങ്ങുന്നത്. ഷെർപ്പ വിഭാഗത്തിൽപ്പെട്ടവരുടെ സഹായത്തോടെയാണ് പർവ്വതാരോഹകർ എവറസ്റ്റിലേക്ക് കയറുന്നത്. എവറസ്‌റ്റിലെ അന്തരീക്ഷവും കാലാവസ്ഥയുമെല്ലാം ഷെർപ്പകൾക്ക് കാണാപ്പാഠമാണ്.
നേപ്പാളി ഷെർപ്പയായ പസംഗ് ദവയാണ് റെക്കാഡ് നിരയിൽ കാമി റീതയ്ക്ക് തൊട്ടുപിന്നിൽ. 29 തവണ ഇദ്ദേഹം എവറസ്റ്റിന് മുകളിലെത്തി. ബ്രിട്ടീഷുകാരനായ കെന്റൺ കൂൾ ആണ് കൂടുതൽ തവണ (19 തവണ) എവറസ്റ്റ് കീഴടക്കിയ ഷെർപ്പയല്ലാത്ത വ്യക്തി. മൗണ്ട് കെ2, ചോയു, ലോത്‌സെ തുടങ്ങിയ ലോകത്തെ ഉയരംകൂടിയ കൊടുമുടികളും റീത കീഴടക്കിയിട്ടുണ്ട്.
അതേ സമയം, എവറസ്റ്റിൽ ഇത്തവണത്തെ പർവതാരോഹക സീസണിൽ ഇതുവരെ 500ലേറെ പേരും അവരുടെ ഗൈഡുകളും പങ്കെടുത്തു. 1000ത്തിലേറെ പേർക്കാണ് ഇക്കൊല്ലം നേപ്പാൾ പെർമിറ്റ് നൽകിയിട്ടുള്ളത്.