'ഒരുകാലത്ത് മലയാളികളുടെ പ്രിയ നടി, ക്ഷേത്രത്തിൽ കയറി തൊഴുതത് വിവാദമായി, ശുദ്ധികലശത്തിന് 10,000 രൂപ പിഴയടക്കേണ്ടിവന്നു"

Friday 30 May 2025 10:41 AM IST

ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന നടിയാണ് മീര ജാസ്മീൻ. മോഹൻലാലും ജയറാമും ദിലീപും അടക്കമുള്ള താരങ്ങളുടെ കൂടെയൊക്കെ നടി അഭിനയിച്ചിട്ടുണ്ട്. തിരുവല്ലക്കാരിയായ മീര ഏവരെയും വിസ്മയിപ്പിച്ച് കൊണ്ട് സിനിമയിൽ ദേശീയ അവാർഡ് വരെ നേടുന്ന രീതിയിൽ പ്രശസ്തയായി. അഭിനയ ചാതുരികൊണ്ട് ഏവരെയും വിസ്മയിപ്പിച്ച ആ നടി പക്ഷെ ഇന്ന് സിനിമയിൽ സജീവമല്ല. നടിയുടെ ജീവിതത്തിൽ അധികമാർക്കുമറിയാത്ത സംഭവങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.

'തിരുവല്ലയിലെ ഒരു ഓർത്തഡോക്സ് ക്രിസ്ത്യൻ കുടുംബത്തിൽ ജോസഫിന്റെയും ഏലിയാമ്മയുടെയും അഞ്ച് മക്കളിൽ നാലാമത്തെയാളാണ് ജാസ്മിൻ മേരി ജോസഫ് എന്ന മീര ജാസ്മീൻ. സൂത്രധാരൻ എന്ന സിനിമയിലൂടെ എഴുത്തുകാരനും സംവിധായകനുമായ ലോഹിതദാസാണ് മീരയെ നമ്മുടെ മുന്നിലെത്തിച്ചത്. അഭിനയമെന്താണെന്നുപോലും അറിയാതെ കടന്നുവന്ന അവരാണ് പിന്നീട് ഇന്ത്യയിലെ ഏറ്റവും മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് എ പി ജെ അബ്ദുൾ കലാമിന്റെ കൈയിൽ നിന്ന് ഏറ്റുവാങ്ങിയത്.'- അദ്ദേഹം പറഞ്ഞു.

'പലപ്പോഴും നടി വിവാദങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്. അമ്മ സംഘടനയുടെ ട്വന്റി ട്വന്റി എന്ന സിനിമയിൽ അഭിനയിക്കാൻ വിസമ്മതിച്ചതിന് അവർക്കെതിരെ ഒരു അപ്രഖ്യാപിത വിലക്കുണ്ടായിരുന്നു. അതിനവർ ഒരു പുല്ല് വില പോലും കൽപിച്ചില്ലെന്നതാണ് സത്യം. കാരണം അവർ ആ സമയത്ത് മറ്റ് ഭാഷകളിൽ കത്തിജ്വലിച്ചുകൊണ്ട് നിൽക്കുകയായിരുന്നു.

മറ്റൊരു വിവാദമെന്താണെന്നുവച്ചാൽ പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയുടെ ഷൂട്ടിംഗ് തളിപ്പറമ്പിൽ വച്ച് നടക്കുമ്പോൾ അവിടത്തെ രാജരാജേശ്വരി ക്ഷേത്രത്തിൽ കയറി തൊഴുതത് വിവാദത്തിനും പ്രതിഷേധത്തിനും വഴിയൊരുക്കി. ഒടുവിൽ ശുദ്ധികലശത്തിനായി പതിനായിരം രൂപ പിഴയടച്ച് ആ പ്രശ്നം പരിഹരിക്കുകയാണ് ഉണ്ടായത്.'- അദ്ദേഹം വ്യക്തമാക്കി.