ബീഫ് വിറ്റെന്ന് ആരോപിച്ച് കട ഉടമയെ ആൾക്കൂട്ടം തല്ലിചതച്ചു: കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഫ്ളാറ്റ് കേന്ദ്രീകരിച്ച് പരിശോധന

Friday 30 May 2025 10:54 AM IST

ന്യൂഡൽഹി : ബീഫ് വിറ്റുവെന്ന് ആരോപിച്ച് കടയുടമയെ ആൾക്കൂട്ടം തല്ലി ചതച്ചു. ഡൽഹിയിലെ വി‌ജയ് നഗറിൽ പലചരക്ക് കട നടത്തുന്ന 44കാരനായ നേപ്പാൾ സ്വദേശി ചമൻ കുമാറിനെയാണ് ബുധനാഴ്ച രാത്രി 50ഓളം വരുന്ന ആൾക്കൂട്ടം മ‌ർദ്ദിച്ചത്. ഡൽഹി സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്ക് മാംസം വിറ്റെന്ന 15കാരന്റെ രഹസ്യ വിവരത്തെ തുട‌‌ർന്നാണ് സംഭവമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.

കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥിയാണെന്ന വ്യാജേനെ പിറന്നാൾ പാർട്ടിക്ക് ബീഫ് വാങ്ങാൻ ചെന്നപ്പോൾ ഇവിടെ മാംസം വിക്കില്ലെന്നാണ് ആദ്യം കുമാ‌ർ കുട്ടിയോട് പറഞ്ഞത്. എന്നാൽ പിറ്റേ ദിവസം ഇയാൾ മാംസം നൽകാമെന്ന് സമ്മതിച്ചു. ബുധനാഴ്ച രാത്രി 8.45 ഓടെ, കുട്ടി തിരിച്ചെത്തി കുമാറിൽ നിന്ന് 400 രൂപയ്ക്ക് മാംസം വാങ്ങി. ഈ വിവരം പുറത്തറിഞ്ഞതോടെ സ്ഥലത്തെ കന്നുകാലി സംരക്ഷണ സംഘടന കുമാറിന്റെ കടയിലെത്തി പരിശോധന നടത്തി. എന്നാൽ പരിശോധനക്കിടെ വിവരം അറി‌ഞ്ഞെത്തിയ ആൾക്കൂട്ടം കുമാറിനെ കടയിൽ നിന്ന് വലിച്ചിഴച്ച് മർദ്ദിക്കുകയായിരുന്നു,

പ്രശ്നം രൂക്ഷമായതോടെ, കുമാറിനെ മർദ്ദനത്തിൽ നിന്ന് രക്ഷിക്കാൻ ഡൽഹി സർവ്വകലാശാലയിലെ എസ്‌എഫ്‌ഐയിലെ വിദ്യാർത്ഥികളും രംഗത്തെത്തി. പുലർച്ചെ രണ്ടു മണിവരെ സംഘർഷം തുടർന്നു. കുമാറിനെ ആക്രമണത്തിൽ നിന്നും രക്ഷിക്കുന്നതിനിടെ വിദ്യാർത്ഥികൾക്കും പരിക്കേറ്റു. പിന്നീട് പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. കടയിൽ നിന്നും പിടിച്ചെടുത്ത പശു മാംസം ഫോറൻസിക് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

അതേസമയം, സമീപത്ത് താമസിക്കുന്ന കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെയും താമസസ്ഥലം കേന്ദ്രീകരിച്ച് റെയ്ഡ് നടത്തണമെന്നും കുമാറിനെ ആക്രമിച്ച ആൾക്കൂട്ടം പാെലീസിനോട് ആവശ്യപ്പെട്ടു.