അക്ബറും ജോധാ ബായിയും തമ്മിലുള്ള വിവാഹം കെട്ടിച്ചമച്ചത്; അവകാശവാദവുമായി രാജസ്ഥാൻ ഗവർണർ
ജയ്പൂർ: മുഗൾ ചക്രവർത്തിയായ അക്ബറും രജപുത്ര രാജകുമാരിയായ ജോധാ ബായിയും തമ്മിലുള്ള വിവാഹം കെട്ടിച്ചമച്ചതാണെന്ന് രാജസ്ഥാൻ ഗവർണർ ഹരിഭാവു ബാഗഡെ. ചരിത്രത്തിലെ കൃത്യതയില്ലായ്മകളിൽ ഒന്നാണിതെന്നും, ബ്രിട്ടീഷ് ചരിത്രകാരന്മാരുടെ ആദ്യകാല സ്വാധീനം മൂലമാണിതുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ഉദയ്പൂരിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവേയാണ് ഗവർണറുടെ അവകാശവാദം. അക്ബറിന്റെ ഭരണകാലത്തെ ഔദ്യോഗിക ചരിത്രമായ 'അക്ബർനാമ'യിൽ ജോധയുടെയും അക്ബറിന്റെയും വിവാഹത്തെക്കുറിച്ച് പരാമർശമില്ലെന്ന് ഗവർണർ ചൂണ്ടിക്കാണിച്ചു.
'ജോധയും അക്ബറും വിവാഹിതരായി എന്ന് പറയപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു സിനിമയും നിർമ്മിച്ചു. ചരിത്രപുസ്തകങ്ങളും ഇതേ കാര്യം പറയുന്നു, പക്ഷേ അത് ഒരു നുണയാണ്. ബർമൽ എന്നൊരു രാജാവുണ്ടായിരുന്നു, അദ്ദേഹം ഒരു ദാസിയുടെ മകളെ അക്ബറിനു വിവാഹം കഴിപ്പിച്ചു,'- അദ്ദേഹം അവകാശപ്പെട്ടു.
'ബ്രിട്ടീഷുകാർ നമ്മുടെ വീരനായകന്മാരുടെ ചരിത്രം മാറ്റിമറിച്ചു. അവർ അത് ശരിയായി എഴുതിയില്ല, അവരുടെ ചരിത്രപരമായ കാഴ്ചപ്പാട് തുടക്കത്തിൽ അംഗീകരിക്കപ്പെട്ടു. പിന്നീട്, ചില ഇന്ത്യക്കാർ ചരിത്രം എഴുതി, പക്ഷേ അതിലും ബ്രിട്ടീഷുകാരുടെ സ്വാധീനം ഉണ്ടായിരുന്നു.'- ഗവർണർ പറഞ്ഞു.
രജപുത്ര ഭരണാധികാരി മഹാറാണ പ്രതാപ് അക്ബറിന് അയച്ചെന്ന് പറയപ്പെടുന്ന ഉടമ്പടി കത്തിനെയും ഗവർണർ തള്ളിക്കളഞ്ഞു. അത് പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. 'മഹാറാണ പ്രതാപ് ഒരിക്കലും തന്റെ ആത്മാഭിമാനത്തിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല.'- ഹരിഭാവു ബാഗഡെ അവകാശപ്പെട്ടു.
വിവാഹശേഷം, ജോധാ ബായിക്ക് 'യുഗത്തിന്റെ മറിയ' എന്നർത്ഥം വരുന്ന മറിയംഉസ്സമാനി എന്ന സ്ഥാനപ്പേര് ലഭിച്ചു. പിന്നീട് അവർ അക്ബറിന്റെ പിൻഗാമിയായ ജഹാംഗീറിന്റെ അമ്മയായി, മുഗൾ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളിൽ ഒരാളായി അവർ മാറി.