കുതിച്ചെത്തി കിഴക്കൻ വെള്ളം
കോട്ടയം : തോരാമഴയിൽ കിഴക്കൻ വെള്ളത്തിന്റെ വരവും ശക്തമായതോടെ ജില്ലയിലെ പടിഞ്ഞാറൻ മേഖലയിൽ വെള്ളപ്പൊക്ക ദുരിതം. അതിതീവ്രമഴ മുന്നറിയിപ്പുള്ളതിനാൽ താഴ്‌ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലത്തേക്ക് മാറുകയാണ്. മീനച്ചിലാർ, മണിമലയാർ, കൊടൂരാർ എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നു. ചെറുതോടുകളടക്കം കരകവിഞ്ഞ് ഒഴുകുകയാണ്. കോട്ടയം നഗരസഭയിലെയും തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര, കുമരകം പഞ്ചായത്തുകളിലെയും നിരവധി വീടുകളിൽ വെള്ളം കയറി. പരിപ്പ്, കുമ്മനം, ഇല്ലിക്കൽ, താഴത്തങ്ങാടി, ചെങ്ങളം ആമക്കുഴി എന്നിവിടങ്ങളിൽ റോഡുകളിൽ വെള്ളം കയറി ഗതാഗതം തസടപ്പെടുന്ന സ്ഥിതിയാണ്. സ്‌കൂളുകളിലടക്കം വെള്ളം കയറിയതോടെ പുതിയ അദ്ധ്യയനവർഷവും പ്രതിസന്ധിയിലാണ്. അയർക്കുന്നം, മണർകാട്, വിജയപുരം പഞ്ചായത്തുകളിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ദുരിതം തുടങ്ങി. നാലുമണിക്കാറ്റ്, പുതുപ്പള്ളി, വടവാതൂർ ബണ്ട് റോഡ്, മേത്താപറമ്പ് റോഡ് എന്നിവിടങ്ങളിലും വെള്ളം കയറി. പാടശേഖരങ്ങളും പുരടയിടങ്ങളും നിറഞ്ഞു കിടക്കുന്നത് അപകട സാദ്ധ്യതയും വർദ്ധിപ്പിക്കുന്നു. മഴയ്‌ക്കൊപ്പം ആഞ്ഞുവീശുന്ന കാറ്റും വ്യാപകനാശം വിതയ്‌ക്കുകയാണ്. വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി, നിരവധി വീടുകൾ തകർന്നു.
അരുതേ, വെള്ളച്ചാട്ടം പിന്നെ കാണാം മഴ ശക്തമായതിനെ തുടർന്ന് വെള്ളച്ചാട്ടങ്ങളിലേക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ടെങ്കിലും പലരും പാലിക്കുന്നില്ല. വളഞ്ഞങ്ങാനം വെള്ളച്ചാട്ടം, വാഗമൺ മലനിരകളിലെ കോട എന്നിവ കാണുന്നതിനായി നിരവധി സഞ്ചാരികളാണ് എത്തുന്നത്. ഉരുൾപൊട്ട, മണ്ണിടിച്ചിൽ ബാധിത മേഖലകളിലേക്ക് കൂട്ടത്തോടെ ആളുകളെത്തുന്നത് വൻഅപകടത്തിന് ഇടയാക്കും.
36 ക്യാമ്പുകൾ, 210 കുടുംബങ്ങൾ
കോട്ടയം : കനത്തമഴ, വെള്ളപ്പൊക്കം എന്നിവയെത്തുടർന്ന് ജില്ലയിൽ 210 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 36 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. കോട്ടയം താലൂക്കിലാണ് കൂടുതൽ 29. ചങ്ങനാശേരി : 5, വൈക്കം : 2. 675 പേരാണ് ക്യാമ്പുകളിലുള്ളത്. 283 സ്ത്രീകളും, 261 പുരുഷന്മാരും, 131 കുട്ടികളും.
ജില്ലയിലെ മഴക്കണക്ക് (മില്ലിമീറ്ററിൽ)
കോട്ടയം: 68.2 കോഴ: 101 പാമ്പാടി: 73.8 ഈരാറ്റുപേട്ട: 91 തീക്കോയി: 78 മുണ്ടക്കയം: 83.6 കാഞ്ഞിരപ്പള്ളി: 92