തടിച്ചി എന്ന വിളി, വിമർശകരേ, നിവേദ പുരസ്കാരത്തിളക്കത്തിൽ
കുറച്ചു മാസങ്ങൾക്കു മുൻപാണ് മലയാളി താരം നിവേദ തോമസ് കടുത്ത ബോഡി ഷെയ്മിങ്ങിന് ഇരയായത്. 35 ചിന്ന കഥ കാതു എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കായി എത്തിയ നിവേദയുടെ രൂപമാറ്റം ചർച്ചയായി. ബോഡി ഷെ്‌മിംഗ് കമന്റുകൾ ഒരുപാട് വന്നു. എന്നാൽ നിവേദ ഒന്നും മിണ്ടിയില്ല. വിമർശകരുടെ മുഴുവൻ വായയും ഇപ്പോൾ അടഞ്ഞു. 14 വർഷത്തിനു ശേഷം പ്രഖ്യാപിച്ച തെലുങ്കാന സർക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നിവേദ സ്വന്തമാക്കി. അതും 35 ചിന്ന കഥ കാതു എന്ന ചിത്രത്തിലൂടെ. രണ്ടു കുട്ടികളുടെ അമ്മയായ സരസ്വതി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഈ സിനിമയ്ക്കുവേണ്ടിയാണ് നിവേദ വണ്ണം കൂട്ടിയത് എന്ന കമന്റുകളും അന്ന് എത്തിയിരുന്നു. ഹോർമോൺ പ്രശ്നങ്ങളാണ് രൂപമാറ്റത്തിന് കാരണമെന്ന ചർച്ചയും നടന്നു. എല്ലാ വിമർശനങ്ങൾക്കും ഉള്ള മറുപടി കൂടിയായി ഇത്. ഒരു മലയാള നടി ഇതാദ്യമായാണ് തെലുങ്കിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടുന്നത്. 'വെറുതേ ഒരു ഭാര്യ" എന്ന സിനിമയിൽ ജയറാമിന്റെ മകളായാണ് നിവേദ വെള്ളിത്തിരയിൽ അരങ്ങേറുന്നത്. മദ്ധ്യവേനൽ, പ്രണയം, ചാപ്പാകുരിശ്, റോമൻസ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 'എന്താടാ സജീ" എന്ന ചിത്രത്തിലാണ് മലയാളത്തിൽ ഒടുവിൽ അഭിയയിച്ചത്. തമിഴിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.