നൃത്തത്തെ സ്‌നേഹിക്കുന്നവർക്കുള്ള സന്തോഷ വാർത്ത, ബ്രേക്ക് ഡാൻസിന്റെ മായാലോകം തീർത്ത് 'മൂൺവാക്ക്'
ഡാൻസ് എന്ന അത്ഭുതം നമ്മുടെ ജീവിതത്തെ ഇത്രമേൽ സ്വാധീനിച്ച ഈ കാലഘട്ടത്തിൽ ഈ ചിത്രം ഒരു അത്ഭുതം തന്നെയാണ്. മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്ന് നിർമ്മിക്കുന്ന ചിത്രം മൂൺവാക്ക് തിയേറ്ററുകളിൽ വിസ്മയം സൃഷ്ടിക്കുന്നു.
സ്റ്റെപ്പ് അപ്പ് 3D, എനിബഡി കാൻ ഡാൻസ് പോലുള്ള ചിത്രങ്ങൾ വന്നപ്പോൾ പലരും, പ്രത്യേകിച്ച് നൃത്തത്തെ സ്നേഹിക്കുന്നവർ ചോദിച്ചുകാണും ഇനിയെപ്പോഴാണ് ഇതുപോലൊരു ചിത്രം മലയാളത്തിലുമെന്ന്. അവർക്കുള്ള സന്തോഷവാർത്തയാണ് മൂൺവാക്ക് എന്ന ചിത്രം.നിരവധി പരസ്യചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ.കെ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
അടിമുടി ഡാൻസ് നമ്പറുകൾ നിറഞ്ഞ ഫീൽഗുഡ് ചിത്രം. മൂൺവാക്കിനെ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം.നൃത്തത്തെ പ്രത്യേകിച്ച് ബ്രേക്ക് ഡാൻസിനെ അതിരറ്റ് സ്നേഹിക്കുന്ന ഒരുകൂട്ടം സാധാരണക്കാരായ കൗമാരക്കാരുടെ കഥയാണ് മൂൺവാക്ക് പറയുന്നത്.
മൂൺവാക്കിലെന്നപോലെ ഇവരുടെ ജീവിതത്തിലെ ഉയർച്ചകളുടേയും താഴ്ചകളുടേയും ആവിഷ്കാരമാണ് ഈ വിനോദ് എ.കെ ചിത്രം.1992-ആണ് കഥാപശ്ചാത്തലം. തിരുവനന്തപുരത്തെ തീരദേശഗ്രാമത്തിൽനിന്നുള്ള ഒരുപറ്റം കോളേജ് വിദ്യാർത്ഥികൾ ബ്രേക്ക് ഡാൻസിലേക്ക് ആകർഷിക്കപ്പെടുന്നു.തുടർന്ന് ഈ നൃത്തരൂപം സ്വയം പഠിക്കാനുള്ള അവരുടെ ശ്രമമാണ് പിന്നീട് കാണുന്നത്. ഇടയ്ക്കിടെ പലതരം വെല്ലുവിളികളും ഈ കൗമാരക്കാർക്ക് നേരിടേണ്ടിവരുന്നു.അതിനെ അവർ സ്വയം ആർജിച്ച കഴിവുകൊണ്ട് മറികടന്ന് വിജയം നേടുന്നതാണ് മൂൺവാക്ക് എന്ന ചിത്രത്തിന്റെ ആകെത്തുക.തിരുവനന്തപുരമാണ് പശ്ചാത്തലമെന്നതിനാൽ കഥാപാത്രങ്ങൾ സംസാരിക്കുന്നതും ഈ നാട്ടുഭാഷയാണ്.
സിനിമ സമർപ്പിച്ചിരിക്കുന്നത് ഇതിഹാസം മൈക്കിൾ ജാക്സണാണ്. സിനിമയുടെ പേരിൽപ്പോലും ആ ആരാധന പ്രകടം. കേരളത്തിലെ ഒരു കാലം അടയാളപ്പെടുത്തുന്ന ചിത്രമാണ് മൂൺവാക്ക് എന്നുപറയാം.കേരളത്തിൽ ബ്രേക്ക് ഡാൻസ് തരംഗമായി വന്ന കാലഘട്ടം.മൈക്കിൾ ജാക്സണും ത്രില്ലറും ഡേഞ്ചറസുമെല്ലാം കേരളത്തിലെ യുവാക്കൾ സിരകളിൽ കൊണ്ടുനടന്നിരുന്ന ആ കാലത്തെയാണ് മൂൺവാക്ക് വീണ്ടും ഓർമിപ്പിക്കുന്നത്.ബ്രേക്ക് ഡാൻസിന്റേതായ നൊസ്റ്റാൾജിയ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ വിനോദ് എ.കെ, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നൊരുക്കിയ തിരക്കഥയും വിജയിച്ചിരിക്കുന്നു എന്നുപറയണം.
സിനിമയിലെ ഓരോ ഫ്രെയിമും ബ്രേക്ക് ഡാൻസുമായി ചേർത്തുവെച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.പുതുമുഖങ്ങളാണ് പ്രധാനവേഷത്തിൽ. പ്രധാനകഥാപാത്രങ്ങളുടെയെല്ലാം ഡാൻസ് മൂവ്മെന്റ്സും കയ്യടിയർഹിക്കുന്നതാണ്. സിബു കുട്ടപ്പൻ,ശ്രീകാന്ത് മുരളി, വീണ നായർ, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ബ്രേക്ക് ഡാൻസും കേട്ടാൽ അറിയാതെ കയ്യടിച്ചുപോകുന്ന പാട്ടുകളുമാണ് മൂൺവാക്ക് എന്ന ചിത്രത്തിന്റെ ജീവനാഡികൾ.തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ഒന്നടങ്കം കയ്യടിപ്പിക്കുന്ന പാട്ടുകൾ ഒരുക്കിയതിന് പ്രശാന്ത് പിള്ള എന്ന സംഗീതസംവിധായകന് സ്പെഷ്യൽ കയ്യടി കൊടുക്കാം.ക്ലൈമാക്സ് രംഗങ്ങളിൽ പ്രേക്ഷകരെ ഒരുതരം ട്രാൻസ് മൂഡിലേക്ക് കൊണ്ടുപോവുന്നതിൽ പ്രശാന്ത് പിള്ള വിജയിച്ചിട്ടുണ്ട്.ഡാൻസും പാട്ടും കണ്ട് മതിമറക്കാൻ മൂൺവാക്കിന് ടിക്കറ്റെടുക്കാം. ഈ ചിത്രം നിങ്ങളെ നിരാശപ്പെടുത്തില്ല.