പോക്സോ കേസ് പ്രതിക്ക് കഠിനതടവും പിഴയും
കാട്ടാക്കട: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നഗ്നതാപ്രദർശനം നടത്തി പീഡിപ്പിക്കാൻ ശ്രമിച്ച വയോധികന് കഠിന തടവും പിഴയും. കാട്ടാക്കട കൊല്ലോട് കടുവാക്കോണം അനിഭവനിൽ സത്യദാസ്(65)നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ് കുമാർ നാല് വർഷത്തെ കഠിന തടവിനും 30,000രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്.പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും അല്ലാത്തപക്ഷം നാല് മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.
2020 ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം. അയൽവാസിയായ കുട്ടിയെ പ്രതി കാച്ചിൽ നൽകാനായി പ്രതിയുടെ വീട്ടിൽ വിളിച്ചുവരുത്തി നഗ്നത കാട്ടി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ മാതാവെത്തി അലറി വിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിലായി. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി കേസെടുക്കുകയായിരുന്നു. പ്രധാന സാക്ഷികൾ കൂറുമാറിയ കേസിൽ കുട്ടിയുടേയും മാതാവിന്റേയും മൊഴിയുടേയും സാഹചര്യത്തെളിവുകളുടേയും അടിസ്ഥാനത്തിലാണ് കോടതി വിധി പറഞ്ഞത്. അന്നത്തെ വിളപ്പിൽശാല സബ് ഇൻസ്പെക്ടർ വി.ഷിബുവാണ് കേസന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്.പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 14സാക്ഷികളെ വിസ്തരിക്കുകയും 24രേഖകളും അഞ്ച് തൊണ്ടിമുതലുകൾ ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ് കോടതിയിൽ ഹാജരായി.