തിരുമല മുരുകനെ കാണാൻ 'ഷൺമുഖൻ' എത്തി,​ തിരുമലക്കോവിലിൽ ചെമ്പിൽ തീർത്ത വേൽ സമർപ്പിച്ച് മോഹൻലാൽ

Friday 30 May 2025 8:46 PM IST

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും സിനിമ തിയേറ്ററിൽ വൻവിജയം നേടിയിരുന്നു. ചിത്രം കഴിഞ്ഞ ദിവസം ഒ.ടി.ടിയിലും സ്ട്രീമിംഗ് തുടങ്ങി. തുടരും സിനിമയിൽ മോഹൻലാൽ ഷൺമുഖൻ എന്ന ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് എത്തിയത്. ഇപ്പോഴിതാ കേരള- തമിഴ്നാട് അതിർത്തിയിലെ ചെങ്കോട്ട തിരുമലക്കോവിലിൽ ദർശനം നടത്തുന്ന മോഹൻലാലിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് മോഹൻലാലും സുഹൃത്തുക്കളും പൻപൊഴി തിരുമല കുമാര സ്വാമി ക്ഷേത്രത്തിൽ എത്തിയത്. ചെമ്പിൽ പൊതിഞ്ഞ വേലും മോഹൻലാൽ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ചു. ഇനിയും ക്ഷേത്രത്തിലെത്തുമെന്ന് അറിയിച്ചാണ് സൂപ്പർതാരം മടങ്ങിയത്.

മോഹൻലാൽ ക്ഷേത്ര ദർശനത്തിനെത്തിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ദക്ഷിണ പഴനിയെന്ന പേരിൽ അറിയപ്പെടുന്ന മുരുകക്ഷേത്രമായ തിരുമലക്കോവിൽ വിശ്വാസികൾക്കും വിനോദ സഞ്ചാരികൾക്കും പ്രിയപ്പെട്ട ഇടമാണ്. ചെങ്കോട്ട പൻപൊഴിയിൽ പശ്ചിമഘട്ടത്തോടു ചേർന്ന് കുന്നിൻ മുകളിലാണ് കരിങ്കല്ലുകൾ കൊണ്ട് നിർമിച്ച ഈ ക്ഷേത്രമുള്ളത്. 600 വർഷത്തിനപ്പുറമാണ് തിരുമലകോവിലിന്റെ പഴക്കം കണക്കാക്കുന്നത്. ശിവകാമി അമ്മയാറാണ് തിരുമലക്കോവിൽ പണി തീർത്തതെന്നാണ് ക്ഷേത്രം രേഖകളിൽ പറയുന്നത്. ക്ഷേത്രത്തിന്റെ ആദ്യഭാഗങ്ങൾ പന്തളം രാജാവാണ് നിർമ്മിച്ചതെന്നും പറയപ്പെടുന്നു. മുരുകൻ 'കുമാരസ്വാമി'യെന്ന പേരിലാണ് ഇവിടെ പ്രസിദ്ധം.

അല്ലു അർജുന്റെ പുഷ്പ സിനിമയടക്കം ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. 'തുടരും' സിനിമയിലെ 'കൊണ്ടാട്ടം' പാട്ടിലും തിരുമല മുരുകനെക്കുറിച്ച് പരാമർശമുണ്ട്.