തൃണമൂൽ കോൺഗ്രസിന് അസോസിയേറ്റ് അംഗത്വം നൽകാമെന്ന് യുഡിഎഫ്, അംഗീകരിക്കില്ലെന്ന് പി വി അൻവർ

Friday 30 May 2025 9:28 PM IST

നിലമ്പൂർ: തൃണമൂൽ കോൺഗ്രസിനെ ഘടകകക്ഷിയാക്കാൻ സാധിക്കില്ലെന്നും അസോസിയേറ്റ് അംഗത്വമാകാമെന്നും യുഡിഎഫ് യോഗത്തിൽ പൊതുവികാരം. യുഡിഎഫ് ഏകോപനസമിതി ചേർന്നാണ് പാർട്ടിയെ മുന്നണിയിലെടുക്കാനാകില്ലെന്നും അസോസിയേറ്റ് അംഗത്വമാകാമെന്നും തീരുമാനിച്ചത്. യോഗത്തിൽ പി വി അൻവറിനെതിരെ വ്യാപക വിമർശനവും ഉണ്ടായി. അൻവർ തിരുത്തിയാൽ മുന്നണിയിൽ അസോസിയേറ്റ് അംഗത്വമാകാമെന്നാണ് യോഗത്തിൽ ഉയർന്ന അഭിപ്രായം.

നിലമ്പൂരിലെ മുന്നണിസ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെതിരെ അൻവർ ഉയർത്തിയിട്ടുള്ള വിമർശനങ്ങൾ പിൻവലിച്ച് സ്ഥാനാർത്ഥിയെ അൻവർ അംഗീകരിച്ചാൽ അംഗത്വമാകാമെന്നാണ് മുന്നണിയിലെ അഭിപ്രായം. എന്നാൽ മുന്നണി തീരുമാനം അംഗീകരിക്കില്ലെന്ന് പി വി അൻവർ അറിയിച്ചു. നാളെ രാവിലെ തന്റെ നയം അൻവർ വ്യക്തമാക്കുമെന്നാണ് സൂചന. അൻവറിന്റെ പ്രതികരണം നോക്കിയാവും യുഡിഎഫ് തീരുമാനമെന്ന് കൺവീനർ അടൂർ പ്രകാശ് എംപി അറിയിച്ചു.

മുന്നണി തീരുമാനം പി വി അൻവറിനെ ഫോണിൽ വിളിച്ച് അറിയിച്ചതായാണ് വിവരം. തീരുമാനം അൻവർ കേട്ടു. വിഷയത്തിൽ ഉറച്ച നിലപാടെടുത്ത പ്രതിപക്ഷ നേതാവ് വി ഡി സതീശനെ യോഗം അഭിനന്ദിച്ചു.