മറൈൻ എൻഫോഴ്‌സ്‌മെന്റ് ബോട്ട് യന്ത്രത്തകരാർ: വിഴിഞ്ഞം തുറമുഖത്തെ ടഗ് എത്തി രക്ഷിച്ചു
വിഴിഞ്ഞം: കനത്ത കടൽക്ഷോഭത്തിൽ അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ പുറപ്പെട്ട മറൈൻ എൻഫോഴ്‌സ്‌മെന്റ് ബോട്ട് യന്ത്രത്തകരാറിനെ തുടർന്ന് നടുക്കടലിലായി. ഒടുവിൽ അന്താരാഷ്ട്ര തുറമുഖത്തെ ഡോൾഫിൻ 26 ടഗ് ബോട്ട് ഇവർക്ക് രക്ഷകരായി. അടിമലത്തുറയിൽ തിരയിൽപ്പെട്ട് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ പോയ മറൈൻ എൻഫോഴ്സ്‌മെന്റിന്റെ പ്രതീക്ഷ എന്ന ബോട്ടാണ് യന്ത്രത്തകരാറിനെത്തുടർന്ന് കടലിൽ കുടുങ്ങിയത്.
നഴ്സിംഗ് സ്റ്റാഫ് ഉൾപ്പെടെ 9 ഉദ്യോഗസ്ഥർ ബോട്ടിലുണ്ടായിരുന്നു. മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കടലിൽപ്പെട്ട അഞ്ചംഗ സംഘത്തെ രക്ഷപ്പെടുത്താനാണ് വിഴിഞ്ഞത്തു നിന്ന് മറൈൻ എൻഫോഴ്സ്‌മെന്റിന്റെ പ്രതീക്ഷ എന്ന ബോട്ട് പുറപ്പെട്ടത്. യാത്രാമദ്ധ്യേ ബോട്ടിന്റെ യന്ത്രം തകരാറിലായി. തുടർന്ന് ഇന്നലെ രാവിലെ 8ഓടെ മറൈൻ എൻഫോഴ്സ്‌മെന്റ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ അധികൃതരോട് സഹായമഭ്യർത്ഥിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ പോർട്ടിലെ ടഗ് ബോട്ട് ഡോൾഫിൻ 26 സംഭവസ്ഥലത്തെത്തി. പ്രതികൂല കാലാവസ്ഥയിൽ 3 മണിക്കൂറോളം നീണ്ട ശ്രമങ്ങൾക്കൊടുവിൽ പ്രതീക്ഷയെ സുരക്ഷിതമായി കെട്ടിവലിച്ച് പോർട്ട് ബർത്തിലെത്തിച്ചു.