പ്രളയസമാനം കെടുതി
കണ്ണൂർ :കനത്ത മഴയിൽ പ്രളയസമാനമായ ദുരിതങ്ങളാണ് കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ അനുഭവപ്പെട്ടത്.പുഴകൾ കരകവിഞ്ഞും വെള്ളക്കെട്ടുകൾ രൂപപ്പെട്ടും വീടുകളിൽ വെള്ളം കയറിയും ജനം ദുരിതത്തിലായി. സുരക്ഷിതരല്ലാത്ത കുടുംബങ്ങളെ അതാത് സ്ഥലത്ത് നിന്നും അധികൃതർ മാറ്റി പാർപ്പിച്ചു. കണ്ണൂർ എം.ടി.എം സ്കൂളിൽ കോർപറേഷൻ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ടെങ്കിലും നിലവിൽ ആരും ക്യാമ്പിലേക്ക് മാറിയിട്ടില്ല.
മഴയോടൊപ്പം ശക്തമായ കാറ്റും ആഞ്ഞടിച്ചതോടെ മലയോരത്ത് വൻ നാശനഷ്ടം നേരിട്ടു. കണ്ണൂർ നഗരത്തിലെ താവക്കരയിൽ വെള്ളം കയറി നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. നാലുവയൽ, കുറുവ, നീർച്ചാൽ, അഞ്ചുകണ്ടി, കക്കാട്, ചാലാട്, പള്ളിയാംമൂല, ചാല എന്നീ പ്രദേശങ്ങളും വെള്ളത്തിനടിയിലായി.നഗരത്തിൽ പഴയ ബസ് സ്റ്റാൻഡ്, മുനീശ്വരൻ കോവിൽ, റെയിൽവേ സ്റ്റേഷന് സമീപം തുടങ്ങിയ സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്.
വെള്ളത്തിൽ മുങ്ങി താവക്കര
കണ്ണൂർ യൂണിവേഴ്സിറ്റിയിലേക്ക് പോകുന്ന പ്രധാന റോഡായ താവക്കര എടാട്ട് പള്ളി റോഡ് വെള്ളത്തിനടിയിലായി. കോർപറേഷന്റെ നേതൃത്വത്തിൽ നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചത്. നിരവധി ക്വാർട്ടേഴ്സുകളുള്ള ഇവിടെ വെള്ളകെട്ട് കാരണം ആളുകൾക്ക് പുറത്തിറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയായിരുന്നു. ഒഴുകിപോകാനുള്ള സാഹചര്യമില്ലാത്തതിനാൽ റോഡിൽ വെള്ളം കെട്ടികിടക്കുകയാണ് .മുപ്പത്തിയഞ്ചോളം കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത് കൂടുതലും അന്യസംസ്ഥാന തൊഴിലാളികളാണ്. തമിഴ്നാട് സ്വദേശികളായ ഭിന്നശേഷിക്കാരായ നാഗമ്മാൾ, എട്ടുവയസുകാരി മീനു, സന്ധ്യ, ചിന്നത്തെ എന്നിവരെ രക്ഷാപ്രവർത്തകർ സ്വദേശത്തേക്ക് പോകാനായി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു.നഗരത്തിലെ ഹോട്ടൽ ജീവനക്കാരായ അഭിലാഷ്, രവീന്ദ്രൻ, പ്രദീപ്, സുലബ്, അഭിലാഷ് എന്നിവരെ ഫയർഫോഴ്സിന്റെ ഡിങ്കി ബോട്ടിലാണ് പുറത്തെത്തിച്ചത്. സബിനാസ് ഹൗസിൽ അബ്ദുൾ റിമാന്റെ വീട്ടിലെ അഞ്ച് പേരെ തലശേരിയിലെ ബന്ധു വീട്ടിലേക്ക് മാറ്റി.
ഫാത്തിമാ മൻസിലിൽ പൊതുപ്രവർത്തകയായ നസ്രിയയുടെ മാതാപിതാക്കളായ പി.സെയ്ദു, ആയിഷ എന്നിവരെ വലിയന്നൂരിലെ ബന്ധു വീട്ടിലേക്ക് മാറ്റി. സുഷാന ക്വാർട്ടേഴ്സിൽ താമസിക്കുന്ന ശോഭ, അനുര, കമല, അവിനാഷ്, രണ്ട് വയസുകാരി ലക്ഷ്യ എന്നിവരെ മയ്യിലിലെ ബന്ധു വീട്ടിലേക്കും മാറ്റി. അന്യസംസ്ഥാന തൊഴിലാളികളായ ധനാജി ഭഗത്ത്, സ്നേഹൽ, അൽബിത, ശ്രീറാം, പുഷ്പാവതി എന്നിവരെയും മാറ്റിപാർപ്പിച്ചു. നന്ദനം വീട്ടിൽ നന്ദനൻ, ഉഷ, നീതു,അധീൻ എന്നിവർ ഇരിട്ടിയിലെ ബന്ധു വീട്ടിലേക്ക് മാറി. പള്ളിക്കുന്ന് പാലത്തിന് സമീപം അഞ്ച് വീടുകളിൽ വെള്ളം കയറി.മേയർ മുസ്‌ലീഹ് മഠത്തിൽ, മുൻ മേയർ ടി.ഒ. മോഹനൻ, വാർഡ് കൗൺസിലർ സുരേഷ് ബാബു എളയാവൂർ, കോർപറേഷൻ ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിലാണ് ആളുകളെ മാറ്റി പാർപ്പിച്ചത്.
സർവകലാശാലക്കെതിരെ കോർപറേഷൻ
താവക്കര കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് കോടി ചിലവിട്ട് നിർമ്മിച്ച ഓവുചാൽ വൃത്തിയാക്കാത്തതാണ് പ്രദേശത്ത് വെള്ളം കയറാൻ കാരണമെന്ന് കോർപ്പറേഷൻ അധികൃതർ ആരോപിച്ചു.ഇത് കോർപറേഷന്റെ ഉത്തരവാദിത്തമാണെന്ന നിലപാടാണ് യൂണിവേഴ്സിറ്റി സ്വീകരിച്ചത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം കോർപറേഷൻ തന്നെ സ്ലാബുകൾ നീക്കി ശുചീകരണം ആരംഭിച്ചിട്ടുണ്ട്. സർവ്വകലശാലയ്ക്ക് നോട്ടീസ് ഉൾപ്പെടെ നൽകിയിട്ടും വൃത്തിയാക്കാൻ തയ്യാറായില്ലെന്ന് കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ കുറ്റപ്പെടുത്തി.
പരക്കെ മണ്ണിടിച്ചിലും
വളപട്ടണത്ത് മണ്ണ് ഇടിഞ്ഞ് വീണ് വീടിന്റെ ഭിത്തി തകർന്നു.ഈയിടെ പുതിയതെരുവിൽ സ്ഥാപിച്ച താത്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രം കഴിഞ്ഞ ദിവസം രാത്രിയിലെ മഴയിൽ തകർന്നു വീണു. അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറ കളിത്തട്ടുംപാറ റോഡിൽ കലുങ്കിന്റെ കെട്ട് ഇടിഞ്ഞു. പ്രദേശത്തെ ജനങ്ങൾക്ക് ടൗണുമായി ബന്ധപ്പെടാനുള്ള ഏക റോഡാണിത്. പായം കാടമുണ്ടയിലെ തോട്ടിൻക്കര രാജീവന്റെ വീടിന്റെ പിൻഭാഗത്തെ മതിൽ ഇടിഞ്ഞു. ചെങ്കല്ലും മണ്ണും ഉൾപ്പെടെ വീടിന്റെ ചുമരിൽ തട്ടിയാണ് നിന്നത്. കനത്ത മഴകൂടി പെയ്തതോടെ ചെളിയും മണ്ണും ഉൾപ്പെടെ വീടിനുള്ളിലേക്ക് കയറി. ഇവരുടെ കിണറിലും ചെളി വെള്ളം നിറഞ്ഞു. ഉളിക്കൽ പഞ്ചായത്തിലെ പേരട്ട മട്ടിണി റോഡിൽ അറയ്ക്കൽ ജോൺസന്റെ വീടിന് പിൻവശത്തെ വലിയ മൺതിട്ട ഇടിഞ്ഞുവീണു. മണ്ണിനൊപ്പമുണ്ടായിരുന്ന വലിയ കല്ല് വീടിന്റെ വെളിയിലേക്ക് മാറി പതിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. ആലക്കോട്, നടുവിൽ, ശ്രീകണ്ഠപുരം, പയ്യാവൂർ എന്നിവിടങ്ങളിലും പരക്കെ നാശനഷ്ടമുണ്ടായി.
ഹന്നയെ തുണച്ചത് ഡിങ്കി ബോട്ട്
വെള്ളക്കെട്ടിനെ തുടർന്ന് കക്കാട് കുഞ്ഞിപള്ളിക്ക് സമീപം ചെക്കിച്ചിറയിൽ വെള്ളം കയറതിനെ തുടർന്ന് വീട്ടിൽ കുടുങ്ങിയ ഹന്ന എന്ന യുവതിയെ ഫയർഫോഴ്സ് ഡിങ്കിബോട്ടിലാണ് പുറത്തെത്തിച്ചത്.ഇവിടെ രണ്ട് വീടുകളിൽ പൂണ്ണമായും വെള്ളം കയറി.അഗ്നിരക്ഷാ സേന സീനിയർ ഓഫീസർ വി .കെ .അഫ്സലിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ വിനേഷ് ,രാഗിൻ കുമാർ , ജോമി, രാജേഷ്, വിജിൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
കക്കാട് പുഴ കരകവിഞ്ഞൊഴുകി
കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ കക്കാട് പുഴ കരകവിഞ്ഞൊഴുകി. റോഡിലേക്ക് വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു. റോഡും പുഴയും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണ് പള്ളിപ്രം ഭാഗത്തുള്ളത്.
താത്ക്കാലിക പാത ഇടിഞ്ഞു
തളിപ്പറമ്പ് പട്ടുവം -പുളിമ്പറമ്പ് റോഡിൽ നിർമ്മിച്ച താത്ക്കാലിക പാത കനത്ത മഴയിൽ ഇടിഞ്ഞു.ഇതെ തുടർന്ന് ഗതാത നിയന്ത്രണം ഏർപ്പെടുത്തി. ചെറുവാഹനങ്ങൾക്ക് മാത്രമാണ് ഇതിലൂടെ പ്രവേശനം.ഹെവിവാഹനങ്ങൾ ഏഴാംമൈൽ,കൂവോട്,കുപ്പം,മംഗലശ്ശേരി വഴി പോകണമെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ വർഷങ്ങളെക്കാൾ ഭീകരമായ സ്ഥിതിയാണ് ഇക്കുറി. വീടുകളിലടക്കം വെള്ളം കയറിയിട്ടും പലരും മാറാൻ തയ്യാറാകുന്നില്ല. അഞ്ച് കുടുംബങ്ങളെ കോർപ്പറേഷന്റെ റസ്ക്യൂ ഹോമിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും കോർപ്പറേഷൻ സജ്ജീകരിച്ചിട്ടുണ്ട്.ദുരന്തനിവാരണസേനയും ജീവനക്കാരുമെല്ലാം 24 മണിക്കറും കർമ്മനിരതരായുണ്ടാകും.
മുസ്ലീഹ് മഠത്തിൽ,മേയർ