കര കവിഞ്ഞ് മീങ്കുഴി ഡാം വെള്ളപ്പൊക്ക ഭീഷണി
പയ്യന്നൂർ : വ്യാഴാഴ്ച രാത്രി മുതൽ നിർത്താതെ പെയ്യുന്ന കനത്ത മഴയിൽ പയ്യന്നൂരിലെയും പരിസര പ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളക്കെട്ടിനടിയിലായി.കാനായി മീങ്കുഴി ഡാം നിറഞ്ഞ് കരകവിഞ്ഞൊഴുകി പ്രദേശത്തെ വീടുകളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്. അണക്കെട്ടിന് മുകളിലൂടെയുള്ള ഗതാഗതം നിലച്ചു. പരവന്തട്ട, കാനായി, മുക്കൂട്, തോട്ടംകടവ്, മീൻകുഴി അണക്കെട്ട്, കവ്വായി , പ്രദേശത്തെ അൻപതിലധികം വീടുകളിലാണ് വെള്ളം കയറിയത്. ഇവിടെയുള്ളവർ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്.
കാറമേലിലെ എൻ. ഖാദറിന്റെ വീട്ടിന് മുകളിൽ തെങ്ങ് പൊട്ടി വീണു. മണിയറയിൽ തൈവളപ്പിലെ ടി.വി. മഞ്ജുള, പറമ്പത്ത് ചെമ്മരത്തി എന്നിവരുടെ വീടുകളിൽ വെള്ളം കയറി. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി നിലവിലുണ്ടായിരുന്ന തോട് മണ്ണിട്ട് മൂടിയത് കാരണം കണ്ടോത്ത് അമ്പലത്തറയിലെ 12 ഓളം വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. നഗരസഭയിലെ താഴ്ന്ന പ്രദേശങ്ങളായ പെരുമ്പ തായത്ത് വയൽ, കവ്വായി , കാര തുടങ്ങിയ പ്രദേശങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്. അന്നൂർ, കാര, തായിനേരി , അമ്പലം റോഡ് തുടങ്ങിയ റോഡുകളിലെല്ലാം വെള്ളക്കെട്ടുണ്ട്. സ്‌കൂട്ടർ , ഓട്ടോറിക്ഷ തുടങ്ങിയ ചെറിയ വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും റോഡിലെ വെള്ളക്കെട്ടിലൂടെ സഞ്ചരിക്കുവാൻ കഴിയാത്ത സ്ഥിതിയുണ്ട്.
വെള്ളം കയറിയ പ്രദേശങ്ങൾ നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത, വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.വിശ്വനാഥൻ, കൗൺസിലർമാരായ ടി.ചന്ദ്രമതി , കെ.എം.ചന്തുക്കുട്ടി, നസീമ, സെക്രട്ടറി എം.കെ.ഗിരീഷ്, ക്ലീൻ സിറ്റി മാനേജർ പി.പി.കൃഷ്ണൻ തുടങ്ങിയവർ സന്ദർശിച്ചു.അടിയന്തിര സാഹചര്യം നേരിടേണ്ട ഘട്ടങ്ങളിൽ മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.
കണ്ടോന്താർ ചെങ്ങളം ഭാഗത്തു താമസിക്കുന്ന നാലു കുടുംബങ്ങളെ വെള്ളക്കെട്ടു കാരണം ബന്ധു വീടുകളിലേക്ക് മാറ്റി. കോറോം അമ്പലത്തറ അണ്ടർപാസിൽ വെള്ളം കയറി പത്തോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. തിരുമേനി വില്ലേജിൽ ചാത്തമംഗലത്ത് വെളിയാനി പറമ്പിൽ വർഗ്ഗീസിന്റെ വീട് ഭാഗികമായി തകർന്നു. കോറാളിയിൽ മണ്ണിടിഞ്ഞും കുത്തിയൊലിച്ചും വ്യാപകമായി കൃഷി നാശമുണ്ടായി. രാമന്തളി കരമുട്ടത്ത് കുന്ന് ഇടിഞ്ഞുവീണ് ബി.എസ്. ഇബ്രാഹിമിന്റെ വീട് തകർന്നു.