താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിൽ, പൊഴിമുറിച്ചിട്ടും രക്ഷയില്ല
അമ്പലപ്പുഴ: കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ തോട്ടപ്പള്ളി, പുറക്കാട് ,തകഴി തുടങ്ങിയ പ്രദേശങ്ങളിലെ താഴ്ന്ന സ്ഥലങ്ങൾ വെള്ളക്കെട്ടിലായി. നൂറു കണക്കിന് വീടുകളിൽ വെള്ളം കയറി. ടി.എസ് കനാലിന് സമീപത്തെ നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പുറക്കാട്, മാത്തേരി കിഴക്ക്, ഇല്ലിച്ചിറ, മണ്ണും പുറം, തൈച്ചിറ ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.അപ്പാത്തിക്കരി, കന്നിട്ടപ്പാടം, ഗ്രീസിംഗ് ബ്ലോക്ക് തുടങ്ങിയ പാടശേഖരങ്ങളും കടുത്ത വെള്ളപ്പൊക്ക ഭീഷണിയിലാണ്. 650 ഏക്കർ വിസ്തൃതിയുള്ള ഗാന്ധി സ്മൃതി വനം പദ്ധതി പ്രദേശമാകെ വെള്ളക്കെട്ടിലാണ്. പ്രദേശത്തെ 300 ഓളം വീടുകളിൽവെള്ളക്കെട്ടാണ്. ടി.എസ് കനാൽ നിറഞ്ഞുകവിഞ്ഞത് പ്രദേശത്ത് ഭീതി പരത്തിയിട്ടുണ്ട്. തകഴി പഞ്ചായത്തിലെ കേളമംഗലം, കുന്നുമ്മ, പടഹാരം, കരുമാടി പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾ വെള്ളക്കെട്ട് ദുരിതത്തിലാണ്.അമ്പലപ്പുഴ നോർത്ത്, പുന്നപ്ര സൗത്ത്, നോർത്ത് പഞ്ചായത്തുകളിലെ കിഴക്കൻ പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്.
പുറക്കാട് പഞ്ചായത്തിലെ 3,6,7,8,11,12,14 വാർഡുകളിലെ ജനം കടുത്ത ദുരിതത്തിലാണ്. തോട്ടപ്പള്ളി പൊഴിതുറന്നെങ്കിലും കടലിലേക്ക് ജലം ഒഴുകാത്തത് പ്രതിസന്ധിയായിട്ടുണ്ട്. രൂക്ഷമായ കടൽക്ഷോഭവും ടി.എസ് കനാലിന്റെ ആഴക്കുറവുമാണ് ജലം കടലിലേക്ക് ഒഴുകാൻ തടസമായത്. അതേസമയം, കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായി തുടരുകയാണ്.