കാശ്മീർ ഇന്ത്യയുടെ മാത്രം വിഷയം, ആരോപണങ്ങൾ കെട്ടിച്ചമച്ചത്, പാകിസ്ഥാന് ചുട്ടമറുപടിയുമായി ഇന്ത്യ

Tuesday 10 September 2019 9:35 PM IST

ജനീവ: കാശ്മീർ വിഷയത്തിൽ പാകിസ്ഥാന് മറുപടി കൊടുത്ത് ഇന്ത്യ. പാകിസ്ഥാന്റെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ഇന്ത്യ വ്യക്തമാക്കി. പാക് പിന്തുണയുള്ള ഭീകരപ്രവർത്തനമാണ് കശ്മീരിന്റെ പ്രശ്നങ്ങൾക്ക് കാരണം. കശ്മീർ വിഷയത്തിൽ യു.എൻ മനുഷ്യാവകാശ കൗൺസിലിൽ പാക്കിസ്ഥാന്റെ ആരോണണങ്ങൾക്ക് മറുപടിയായാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്.

കാശ്മീർ ഇന്ത്യയുടെ മാത്രം വിഷയമാണ്. മറ്റൊരു രാജ്യത്തിനു കശ്മീർ വിഷയത്തിൽ ഇടപെടാൻ അവകാശമില്ല. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി നീക്കിയത് പാർലമെന്റിലെ വിശദമായ ചർച്ചകൾക്കു ശേഷമാണെന്നും ഇന്ത്യ യു.എൻ മനുഷ്യാവകാശ കൗൺസിലിൽ വ്യക്തമാക്കി. ആഗോള ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്നാണ് കെട്ടിച്ചമച്ച ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നതെന്ന് ലോകത്തിന് അറിയാം. നയതന്ത്രത്തിന്റെ ഭാഗമെന്നോണമാണ് ആ രാജ്യം അതിർത്തി കടന്നുള്ള ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത്. വിദേശകാര്യ മന്ത്രാലയ സെക്രട്ടറി (ഈസ്റ്റ്) വിജയ് താക്കൂർ പാകിസ്ഥാന്റെ പേര് പറയാതെ സിങ്ങ് വ്യക്തമാക്കി.

കശ്മീരിന്റെ സാമ്പത്തിക, സാമൂഹിക വികസനത്തിനാണ് സർക്കാർ ഊന്നൽ നൽകുന്നത്. എന്നാൽ വംശീയ ഉന്മൂലനമാണ് കശ്മീരിൽ ഇന്ത്യ ലക്ഷ്യമിടുന്നതെന്നായിരുന്നു യു.എൻ മനുഷ്യാവകാശ കൗൺസിലിൽ പാക്ക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയുടെ ആരോപിച്ചിരുന്നത്.. കശ്മീർ ഇന്ത്യയുടെ ആഭ്യന്തരവിഷയമല്ലെന്നും പ്രത്യകപദവി എടുത്തുക്കളഞ്ഞ നീക്കം നിയമവിരുദ്ധമാണെന്നും ഖുറേഷി പറഞ്ഞു. കശ്മീർ വിഷയത്തിൽ രാജ്യന്തര അന്വേഷണം നടത്തണമെന്നും ഖുറേഷി ആവശ്യപ്പെട്ടു.