ദുർഭരണത്തിന് ജനം മറുപടി നൽകും: ആര്യാടൻ ഷൗക്കത്ത്

Saturday 31 May 2025 12:16 AM IST

കോട്ടയം: എൽ.ഡി.എഫ് സർക്കാരിന്റെ ഒമ്പത് വർഷത്തെ ദുർഭരണത്തിനെതിരെ ഈ ഉപതിരഞ്ഞെടുപ്പിലൂടെ ജനം മറുപടി നൽകുമെന്ന് നിലമ്പൂരിലെ യു.ഡിഎ.ഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. ഇന്നലെ പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ച് ശേഷം ആര്യാടൻ ഷൗക്കത്ത് കേരളകൗമുദിയോട് സംസാരിക്കുന്നു.

നിലമ്പൂരിൽ യു.ഡി.എഫിന്റെ ജയസാദ്ധ്യത?

തദ്ദേശ,നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുൻപുള്ള സെമിഫൈനലാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്. എൽ.ഡി.എഫ് സർക്കാരിന്റെ ഒമ്പത് വർഷത്തെ ദുർഭരണത്തോട് ജനങ്ങൾക്കിടയിൽ പ്രതിഷേധം വ്യാപകമാണ്. മലയോര മേഖലയിൽ വന്യമൃഗ ആക്രമണം തുടർക്കഥയായിട്ടും സർക്കാർ തുടരുന്ന നിസംഗതയും വികസനകാര്യത്തിൽ നിലമ്പൂരിനോടുള്ള അവഗണനയും വോട്ടാകും.

പി.വി.അൻവർ താങ്കൾക്കെതിരെ തുടക്കത്തിലേ തിരിഞ്ഞത് കല്ലുകടിയായില്ലേ?

അൻവർ വിഷയത്തിൽ കോൺഗ്രസ്,യു.ഡിഎഫ് നേതാക്കൾ പ്രതികരിച്ചിട്ടുണ്ട്. ഇനി ഒരു വിവാദത്തിനില്ല.

അൻവറിനെ ചൊല്ലി യു.ഡിഎഫ് നേതാക്കൾക്കിടയിൽ ഭിന്നസ്വരമാണല്ലോ?

മാദ്ധ്യമങ്ങളുടെ തെറ്റായ വ്യാഖ്യാനമാണത്. ഒരേ അഭിപ്രായമാണ് പ്രതിപക്ഷ നേതാവും,കെ.പി.സി.സി പ്രസിഡന്റും,യു.ഡി.എഫ് കൺവീനറും പ്രകടിപ്പിച്ചത്. നേതാക്കൾക്കിടയിൽ ഭിന്നതയില്ല.

എം.സ്വരാജ് ഇടതുസ്ഥാനാർത്ഥിയായി വന്നതിനെ എങ്ങനെ കാണുന്നു?

പ്രചാരണ രംഗത്ത് യു.ഡി.എഫ് ഒരുപാട് മുന്നിലാണ്. എതിർ സ്ഥാനാർത്ഥി കൂടി വരുമ്പോഴാണ് തിരഞ്ഞെടുപ്പിൽ ആവേശവും ചൂടും വരുന്നത്. പ്രതിരോധ നിരയിൽ ആളുണ്ടെങ്കിലേ ഫോർവേഡിന് ഗോൾ അടിക്കാൻ ആവേശം വരൂ. അതുകൊണ്ട് നല്ല മത്സരമായി കാണുന്നു.

ഉമ്മൻചാണ്ടിയുമായുള്ള ബന്ധം?

ഉമ്മൻചാണ്ടി സാർ എനിക്ക് പിതൃതുല്യനായിരുന്നു. നിലമ്പൂരിനെ ഒരുപാട് സ്നേഹിച്ച വ്യക്തി. എന്റെ പിതാവിനൊപ്പം പ്രവർത്തിച്ച അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾ ഒപ്പമുള്ളതിനാലാണ് ഇവിടെ വരണമെന്നും കല്ലറയിൽ പൂക്കളർപ്പിച്ച് അനുഗ്രഹം തേടണമെന്നും വിചാരിച്ചത്.