ജനം ആഗ്രഹിക്കുന്നത് ഭരണത്തുടർച്ച: എം. സ്വരാജ്

Saturday 31 May 2025 12:16 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തുടർച്ചയ്ക്ക് ജനം സജ്ജരായി എന്ന് വ്യക്തമാക്കുന്ന തിരഞ്ഞെടുപ്പായി നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് മാറുമെന്ന് എം. സ്വരാജ്. നിലമ്പൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം കേരളകൗമുദിയോട് സ്വരാജ് സംസാരിക്കുന്നു.

?എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയോ

വൈകിയിട്ടില്ല. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അനുസരിച്ച് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസത്തിന് മുൻപ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ മതി. 30ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. ഞാൻ മത്സരിക്കനാണ് പ്രതിപക്ഷം ആഗ്രഹിച്ചത്. അവർക്കും നന്ദി.

?നിലമ്പൂരിൽ ഇടതുപക്ഷത്തിന്റെ വിജയ സാദ്ധ്യത

 വിജയ സാദ്ധ്യതയുള്ള അന്തരീക്ഷമാണ്. ജനങ്ങൾ ഭരണതുടർച്ച ആഗ്രഹിക്കുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനും ചുമതലയൊഴിഞ്ഞ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. എൽ.ഡി.എഫ് സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഈ തിരഞ്ഞെടുപ്പും മാറും.

?യു.ഡി.എഫുമായി തെറ്റി അൻവർ മത്സരത്തിനിറങ്ങിയാലോ

തിരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാം. അതിനെ നിഷേധിക്കാനാവില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കുന്ന കാര്യമല്ലയിത്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് നാടിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് മുന്നോട്ടു പോകും.

?തുടർഭരണം കിട്ടിയ ഒരു സർക്കാരിന്റെ അവസാന ഘട്ടത്തിലെ ഉപതിരഞ്ഞെടുപ്പ് എങ്ങനെ വിലയിരുത്തപ്പെടും

ഉറപ്പായും സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തപ്പെടും. സർക്കാർ നടത്തിയിട്ടുള്ള വികസന,ജനക്ഷേമ പ്രവർത്തനങ്ങളാണ് പ്രധാനം. അതെല്ലാം ഇപ്പോൾ തന്നെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. രാഷ്ട്രീയത്തിന് അതീതമായി അക്കാര്യങ്ങളിൽ ജനങ്ങൾ അഭിപ്രായവും പ്രകടിപ്പിക്കുന്നുണ്ട്.

?യു.ഡി.എഫിലെ പ്രശ്നങ്ങൾ

അക്കാര്യം ഞങ്ങൾ ചർച്ച ചെയ്യുന്നില്ല. മഴവിൽ സഖ്യമൊക്കെ കാണുന്നുണ്ടല്ലോ. കാത്തിരുന്നു കാണാം.