സാത്താൻ കയറിയെന്നു പറഞ്ഞ് മക്കളെ തല്ലിയ പാസ്റ്റർ അറസ്റ്റിൽ
നാഗർകോവിൽ : ദേഹത്ത് സാത്താൻ കൂടിയെന്ന് പറഞ്ഞ് കരിങ്കലിൽ സ്വന്തം മക്കളെ മർദ്ദിച്ച പാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. കരിങ്കൽ, കുല്ലത്തുവിള സ്വദേശി ഗിങ്സിലി ഗിൽബർട്ട് (45) ആണ് അറസ്റ്റിലായത്. പള്ളിപാസ്റ്ററായ ഗിൽബർട്ടിന് 8, 6 വയസ് വീതമുള്ള രണ്ടാൺമക്കളും 3 മാസംപ്രായമുള്ള പെൺ കുട്ടിയുമുണ്ട്. കഴിഞ്ഞ ദിവസം രാത്രി കുട്ടികളുടെ നിലവിളി കേട്ട് അയൽവാസികൾ വീടിന്റെ വാതിലിൽ തട്ടി തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും തുറന്നില്ല. തുടർന്ന് കരിങ്കൽ പൊലീസ് എത്തി വാതിൽ തുറന്നപ്പോൾ രണ്ട് കുട്ടികളെയും കയർ കൊണ്ട് മർദ്ദിച്ചതായി കാണപ്പെട്ടു. ദിവസേന പ്രാർത്ഥനയ്ക്കായി പുറത്തു പോകുമ്പോൾ കുട്ടികളെ വീട്ടിൽ പൂട്ടിയിട്ടിട്ട് പോകുന്നതാണ് പതിവ്. മാതാവ് സജിനിയും കൂടെപ്പോവും. സംഭവ ദിവസം പ്രാർത്ഥന കഴിഞ്ഞ് തിരിച്ചെത്തിയ ഗിൽബർട്ട് അടുത്ത വീട്ടിലെ കുട്ടികളുമായിട്ട് കളിക്കുന്ന മക്കളെക്കണ്ട് അവരുടെ ദേഹത്ത് സാത്താൻ കൂടിയെന്നുപറഞ്ഞ് കുട്ടികളെ മർദ്ദിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.