വെള്ളവും വെളിച്ചവുമില്ല, മഴക്കെടുതിയിൽ ഓടിത്തളർന്ന് കെ.എസ്.ഇ.ബി ജീവനക്കാർ

Saturday 31 May 2025 2:41 AM IST

കുളത്തൂർ : ശക്തമായ കാലവർഷക്കെടുതിയിൽ ദുരിതത്തിലായി ജനം. വൈദ്യുതിയില്ലാത്തത് ദുരിതത്തിന്റെ കാഠിന്യം കൂട്ടുന്നു. നഗരപ്രദേശങ്ങൾ ഉൾപ്പെടെ മിക്കയിടത്തും വെെദ്യുതിബന്ധം താറുമാറായി. വൈദ്യുതിതടസം പരിഹരിക്കാൻ ഓരോ സെക്ഷനു കീഴിലെയും മുഴുവൻ ജീവനക്കാരും രാവും പകലുമില്ലാതെ പരിശ്രമിച്ചിട്ടും വൈദ്യുതി വിതരണം പൂർണമായും പുനഃസ്ഥാപിക്കാനായില്ല. ചെമ്പഴന്തി,പൗഡിക്കോണം,അയിരൂപ്പാറ,പോത്തൻകോട് എന്നിവിടങ്ങളിൽ പകുതിയിലേറെ പ്രദേശങ്ങളും രണ്ട് ദിവസമായി ഇരുട്ടിലാണ്. ഇവിടങ്ങളിൽ രാത്രി വൈകിയും വെെദ്യുതി ലൈനുകളിലെ തകരാർ പരിഹരിക്കാൻ ശ്രമിക്കുകയാണ്. കഴക്കൂട്ടം എക്സിക്യൂട്ടിവ് എൻജിനിയറുടെ പരിധിയിൽ ഉൾപ്പെട്ട കഴക്കൂട്ടം, ശ്രീകാര്യം കുളത്തൂർ സെക്ഷനുകളിൽ മാത്രം നാന്നൂറോളം വൈദ്യുതി പോസ്റ്റുകളാണ് മരം വീണ് തകർന്നത്. മിക്കയിടത്തും വൈദ്യുത ലൈനുകൾക്ക് മീതെ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുവീണുമാണ് വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചത്. കഴക്കൂട്ടം ഭാഗത്ത് വ്യാപകമായ നാശനഷ്ടമുണ്ടായി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 70 ഓളം സ്ഥലങ്ങളിൽ മരങ്ങൾ ഒടിഞ്ഞുവീണു. വിവിധ സ്ഥലങ്ങളിൽ റോഡ് ബ്ലോക്കായി. നിരവധി ഇലക്ട്രിക് പോസ്റ്റുകൾക്കും ലൈനുകൾക്കും മുകളിൽ മരം വീണു. രാത്രിയെന്നും പകലെന്നുമില്ലാതെ കഴക്കൂട്ടം ഫയർഫോഴ്‌സ് യൂണിറ്റുകളും കർമ്മനിരതരാണ്. കഴിഞ്ഞദിവസം രാത്രിയിൽ മാത്രം 15 സ്ഥലങ്ങളിലാണ് മരം വീണ് റോഡിൽ ഗതാഗത തടസമുണ്ടായത്. ഇന്നലെ പകൽ 6 ഇടങ്ങളിൽ റോഡിൽ ഗതാഗതം തടസപ്പെട്ടു.