ഫാം ഫെഡ് നിക്ഷേപക തട്ടിപ്പ് : ഇതുവരെ രജിസ്റ്റർ ചെയ്തത് 5 കേസുകൾ
തിരുവനന്തപുരം: ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ ഫാംഫെഡ് മേധാവികൾക്കെതിരെ ഇതുവരെ തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്തത് 5 കേസുകൾ. 4 ലക്ഷം തട്ടിയെടുത്തെന്ന തിരുവനന്തപുരം സ്വദേശിയുടെ പരാതിയിൽ ഇന്നലെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. മേധാവികളായ രാജേഷ് പിള്ള, അഖിൻ ഫ്രാൻസിസ് മറ്റുള്ള ഡയറക്ടർമാർ എന്നിവർക്കെതിരെയാണ് കേസ്. ഇതുവരെ നൽകിയ പരാതികൾ പ്രകാരം 50 ലക്ഷം രൂപ വരെ തിരുവനന്തപുരത്ത് നിന്ന് തട്ടിയെടുത്തെന്നാണ് ആരോപണം.കേരളത്തിലും പുറത്തുമുള്ള 16 ബ്രാഞ്ചുകളിലെ 7000ത്തോളം അംഗങ്ങളെ കബളിപ്പിച്ച് 250കോടിയിലേറെ രൂപ തട്ടിയെടുത്തെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്. കവടിയാർ സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലായിരുന്നു ഈ കണ്ടെത്തൽ. ഇതിനുശേഷം തിരുവനന്തപുരത്ത് നിന്നുള്ളവർ കൂടാതെ പാലക്കാട്,തൃശൂർ ജില്ലകളിൽ നിന്ന് കൂടുതൽ പരാതികളെത്തി. ഗുരുവായൂരിൽ മാത്രം 10 കോടിയുടെ പരാതി എത്തിയിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ആകെ തട്ടിയെടുത്തത് 450 കോടി കടക്കുമെന്നും സൂചനയുണ്ട്.പരാതികൾ ഉയർന്നതിനിടെ നിക്ഷേപകരുടെ കോർ കമ്മിറ്റിയിൽ നൽകിയ ഓഡിറ്റ് റിപ്പോർട്ടിൽ ആകെ നിക്ഷേപം 399 കോടിയുണ്ടെന്ന് ചെയർമാൻ രാജേഷ് പിള്ളയും എം.ഡി അഖിൻ ഫ്രാൻസിസും ചൂണ്ടിക്കാട്ടിയിരുന്നു. ഇതുകൂടാതെ കണക്കിൽപ്പെടാത്ത 60കോടി കൂടെ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഈ തുകയൊന്നും തിരികെ നൽകിയിട്ടില്ല. ഇതുസംബന്ധിച്ച വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. അതേസമയം, കൂടുതൽ ചോദ്യം ചെയ്യുന്നതിനായി സ്ഥാപന മേധാവികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷ മ്യൂസിയം പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇതുവരെ പ്രതി ചേർത്ത 6 പേരെ കൂടാതെ ജീവനക്കാരായ 4 പേരെ കൂടി പ്രതികളാക്കിയിട്ടുണ്ട്. ഇവരെയെല്ലാം ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.അതേസമയം, വിഷയം സാമ്പത്തിക തട്ടിപ്പായതിനാൽ ഇ.ഡി കേസെടുത്തേക്കുമെന്നും സൂചനയുണ്ട്.