കാൺപൂർ മെട്രോ ഭൂഗർഭ പാത തുറന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ഉത്തർപ്രദേശിൽ കാൺപൂർ മെട്രോയുടെ ചുന്നിഗഞ്ച് സ്റ്റേഷൻ മുതൽ കാൻപുർ സെൻട്രൽ മെട്രോ സ്റ്റേഷൻ വരെയുള്ള പാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. കാൺപൂരിൽ വിവിധ അടിസ്ഥാന സൗകര്യങ്ങളും കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കുന്നതിനുള്ള നിരവധി വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു. അഞ്ച് പുതിയ ഭൂഗർഭ സ്റ്റേഷനുകൾ ഉൾപ്പെടെ 14 സ്റ്റേഷനുകളാണ് 2,120 കോടിയിലധികം രൂപ ചെലവിൽ പൂർത്തിയാക്കിയത്. നഗരത്തിലെ പ്രധാനപ്പെട്ട, ചരിത്രപ്രാധാന്യമുള്ള ഇടങ്ങളും വാണിജ്യ കേന്ദ്രങ്ങളും മെട്രോ ശൃംഖലയുടെ ഭാഗമാകും.
ഡൽഹിക്ക് സമീപം ഗൗതം ബുദ്ധ നഗറിലെ യമുന എക്സ്പ്രസ്വേ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിട്ടിയിലെ സെക്ടർ 28-ൽ 220 കെവി സബ്സ്റ്റേഷന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. ഗ്രേറ്റർ നോയിഡയിലെ ഇക്കോടെക് -8, ഇക്കോടെക് -10 എന്നിവിടങ്ങളിൽ 320 കോടി രൂപയിലധികം വിലമതിക്കുന്ന 132 കെവി സബ്സ്റ്റേഷനുകളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. 9,330 കോടിയിലധികം രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഉത്തർപ്രദേശ് ഘടംപൂർ താപവൈദ്യുത പദ്ധതിയുടെ മൂന്ന് 660 മെഗാവാട്ട് യൂണിറ്റുകളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. പ്രയാഗ്രാജ് ഹൈവേയിൽ കാൺപുർ പ്രതിരോധ നോഡ് റോഡ് വീതി കൂട്ടുന്ന പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. പ്രതിരോധ ഇടനാഴിയുടെ കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണിത്.